അരാഷ്ട്രീയതയുടെ രാഷ്ട്രീയ ചരിതം പറയാനുണ്ട് നോട്ടയ്ക്ക്

സഫീര്‍ ഷാബാസ്

മലപ്പുറം: അരാഷ്ട്രീയവാദമെന്നത് അരാജകത്വം പോലെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സംജ്ഞയാണ്, ആപല്‍കരമായ ഒരു ചിന്താപദ്ധതിയെന്ന അര്‍ഥത്തില്‍. എന്നാല്‍, അരാഷ്ട്രീയതയ്ക്കും ഒരു രാഷ്ട്രീയമുണ്ട്, ആ വാദം സര്‍ഗാത്മകമെങ്കില്‍ മാത്രം. ഒരു രാജ്യമാകെ വോട്ട് ചെയ്യാതെ ഭരണകൂടത്തോട് പ്രതീകാത്മമായി പ്രതിഷേധിക്കുന്നുണ്ട് ജോസ് സരമാഗോയുടെ സീയിങ് എന്ന നോവലില്‍. നിങ്ങള്‍ക്കു രാഷ്ട്രീയമില്ലെങ്കിലും രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടുമെന്ന ലെനിന്റെ മഹദ്‌വചനം ഓര്‍മയില്‍ വരുന്നു. കേരളത്തില്‍ മുന്നണികളെ മാറിമാറി വിജയിപ്പിക്കുകയല്ല, പരാജയപ്പെടുത്തുകയാണ് ഒരു വിഭാഗം സമ്മതിദായകര്‍.
അരാഷ്ട്രീയതയുടെ-അരാജകത്വത്തിന്റെ മേല്‍വിലാസമുള്ള ഈ ഇടപെടലില്‍ ജനാധിപത്യബോധത്തിന്റെ കരുതലുണ്ട്. രാഷ്ട്രീയ ചിന്ത സര്‍ഗാത്മമായി മാറുന്നതിന്റെ ഔന്നത്യമുണ്ട്. ഇത്തരക്കാരെകൂടി നോട്ടമിട്ടായിരിക്കണം നോട്ടയുടെ വരവ്. ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വോട്ടവകാശം. നോട്ട സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. നോട്ടയ്ക്ക് ചിഹ്നമുണ്ട്. ഏറ്റവും ഒടുവിലായി. സ്ഥാനാര്‍ഥികളില്‍ ആരോടും താല്‍പര്യമില്ലാത്തവര്‍ക്ക് അവരോട് വിയോജിപ്പു പ്രകടിപ്പിക്കാന്‍ വോട്ടിങ് യന്ത്രത്തില്‍ ചേര്‍ത്തിട്ടുളള ബട്ടണ്‍ അമര്‍ത്താം. നോട്ടയില്‍ ലഭിച്ച വോട്ടുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാലും ഇത് സാധുവായി പരിഗണിക്കില്ല. സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമാവുമെന്നത് മറ്റൊരു കാര്യം.
രാഷ്ട്രീയ പ്രബുദ്ധതയുടെ മറുവാക്കായി നോട്ടയെ വ്യാഖ്യാനിക്കാം. 2009ലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്. 2013ല്‍ നോട്ട സംവിധാനം നടപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. ഇന്ത്യക്കൊപ്പം അമേരിക്ക, ഉക്രെയ്ന്‍, സ്‌പെയിന്‍, ഗ്രീസ് തുടങ്ങി 13 രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
ജനാധിപത്യത്തിന്റെ ഉന്നതായ മൂല്യം പരിരക്ഷിക്കപ്പെടുന്നതാണ് നോട്ട സംവിധാനം. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള കടുത്ത വിയോജിപ്പിന്റെ രാഷ്ട്രീയമായിരുന്നു ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയിലൂടെ സംജാതമായതെങ്കില്‍ ഒരു രാജ്യമാകെ നോട്ടയ്ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന കാലം അതിവിദൂരമല്ല !
Next Story

RELATED STORIES

Share it