അരവിന്ദ് സുബ്രഹ്മണ്യനെ പുറത്താക്കണം: സ്വാമി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനു ശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനെതിരേയും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെ നിരവധി ആരോപണങ്ങളാണ് സുബ്രഹ്മണ്യനെതിരേ സ്വാമി ഉന്നയിച്ചത്. മരുന്നുകളുടെ ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ ഇന്ത്യക്കെതിരായ നിലപാടാണു സുബ്രഹ്മണ്യന്‍ സ്വീകരിച്ചതെന്നും അദ്ദേഹം യുഎസിനു വേണ്ടിയാണ് ജോലിചെയ്യുന്നതെന്നും സ്വാമി കുറ്റപ്പെടുത്തി.
ചരക്ക് സേവന നികുതി കരാറില്‍ യുഎസ് കോണ്‍ഗ്രസ്സിന്റെ കടുത്ത നിലപാടിനു പിന്നിലും അദ്ദേഹമാണ്-സ്വാമി ട്വിറ്ററില്‍ കുറിച്ചു. അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അരവിന്ദ് സുബ്രഹ്മണ്യത്തെ പരിഗണിക്കാനിരിക്കെയാണ് സ്വാമിയുടെ കടന്നാക്രമണം. അദ്ദേഹത്തെ സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്‍ നിന്ന് നീക്കുവാനാണ് സ്വാമിയുടെ ശ്രമം. എന്നാല്‍, സ്വാമിയുടെ ലക്ഷ്യം അരവിന്ദ് സുബ്രഹ്മണ്യമല്ലെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. പ്രധാനമന്ത്രി ധനകാര്യ മന്ത്രിസ്ഥാനം സുബ്രഹ്മണ്യന്‍ സ്വാമിക്കു നല്‍കുമോ എന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ അരവിന്ദ് സുബ്രഹ്മണ്യനെ പിന്തുണച്ചു ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. സര്‍ക്കാരിന് സുബ്രഹ്മണ്യനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it