Districts

അരമണിക്കൂര്‍ മുമ്പുവരെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

കൊല്ലം: ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഇന്നുമുതല്‍ പ്രാബല്യത്തില്‍. നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. പുതിയ സംവിധാനം ആരംഭിച്ചതോടെ അരമണിക്കൂര്‍ മുമ്പ് രണ്ടാമതൊരു റിസര്‍വേഷന്‍ ചാര്‍ട്ടും പ്രസിദ്ധീകരിക്കും.
ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ മാത്രമെ റെയില്‍വേ ഇനി തുക മടക്കി നല്‍കുകയുള്ളൂ. ടിക്കറ്റ് തുകയുടെ പകുതിയെങ്കിലും മടക്കി ലഭിക്കണമെങ്കില്‍ നാലുമണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടിവരും. നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം തുക തിരികെ ലഭിക്കുമായിയിരുന്നു. കൂടാതെ ട്രെയിന്‍ പുറപ്പെട്ട ശേഷവും ടിക്കറ്റ് മടക്കി നല്‍കിയാല്‍ നിശ്ചിത ശതമാനം തുക ലഭിച്ചിരുന്നു. ഇനി ഇത് ഉണ്ടാവില്ല. സെക്കന്‍ഡ് ക്ലാസിലേക്കുള്ള അണ്‍റിസര്‍വ് ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഈടാക്കിയിരുന്ന തുക 15 രൂപയില്‍ നിന്ന് 30 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. റിസര്‍വ് ടിക്കറ്റുകളുടെ ചാര്‍ജ് 30ല്‍ നിന്ന് 60 ആക്കിയും ഉയര്‍ത്തി.
ഉറപ്പായ ടിക്കറ്റുകള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് റദ്ദാക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് എസി, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയ്ക്ക് 240 രൂപ ഈടാക്കും. നിലവില്‍ ഇത് 120 രൂപയായിരുന്നു. സെക്കന്‍ഡ് എസിയുടെത് 100ല്‍ നിന്ന് 200ഉം തേര്‍ഡ് എസി ടിക്കറ്റുകളുടെത് 90ല്‍ നിന്ന് 180 ആയും സെക്കന്‍ഡ് സ്ലീപ്പര്‍ ക്ലാസിന് 60ല്‍ നിന്ന് 120 ആയും സെക്കന്‍ഡ് ക്ലാസിന് 30ല്‍ നിന്ന് 60 ആയും ഉയര്‍ത്തി.നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെയുള്ള സമയത്ത് ടിക്കറ്റ് റദ്ദാക്കിയാല്‍ 25 ശതമാനം തുക ഈടാക്കിയ ശേഷം ബാക്കി തുക ലഭിക്കുമായിരുന്നു. എന്നാല്‍, ഇനി ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ 12 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കണം.
അതേസമയം, ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പു വരെ റദ്ദാക്കാം. നേരത്തെ ഇത്തരം ടിക്കറ്റുകള്‍ മൂന്നു മണിക്കൂര്‍ മുമ്പ് റദ്ദാക്കണമായിരുന്നു. അനാവശ്യ ബുക്കിങ് ഒഴിവാക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് റദ്ദാക്കല്‍ നിയമത്തില്‍ റെയില്‍വേ മാറ്റം വരുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it