azchavattam

അരങ്ങിലെ ഗാന്ധിയന്‍

ഇ ടി വര്‍ഗീസ്


ഗാന്ധിശിഷ്യനായ നാടകപ്രവര്‍ത്തകനാണ് പ്രഫ. എസ് രാമാനുജം. ഖദര്‍ത്തുണിയില്‍ തീര്‍ത്ത വെള്ള പൈജാമയും കുര്‍ത്തയുമണിഞ്ഞാണ് അദ്ദേഹം ജീവിതം നയിച്ചത്. അതേ എളിമയുടെ രൂപവും ഭാവവും ആവിഷ്‌കരിച്ച് നാടകപ്രവര്‍ത്തകരെയെല്ലാം അദ്ദേഹം ഉണര്‍ത്തി, ജാഗ്രത്താക്കി, നയിച്ചു.സാധാരണ മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളുമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത നാടകപ്രമേയങ്ങള്‍. ഏറ്റവും ഒടുവിലായി തൃശൂരില്‍ അവതരിപ്പിച്ച വെറിയാട്ടം സ്ത്രീജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളുടെയും സംസ്‌കാരവൈശിഷ്ട്യങ്ങളുടെയും ആധുനികമായ ആവിഷ്‌കാരമായിരുന്നു. പാരമ്പര്യകലകളുടെ ശക്തിയും സൗന്ദര്യവും സ്വാംശീകരിച്ച് ആധുനികമായ ആവിഷ്‌കാരസമ്പ്രദായങ്ങളുമായി നാടകത്തെ ഇണക്കിച്ചേര്‍ക്കുന്നതില്‍ അദ്ദേഹം കാണിച്ചിട്ടുള്ള ഉപാസനാപൂര്‍ണമായ നിസ്വാര്‍ഥപ്രവര്‍ത്തനം തെന്നിന്ത്യന്‍ നാടകവേദിയുടെ ചരിത്രത്തില്‍ ഏറ്റവും സമകാലികമായ ഒന്നാണ്.

കലയുടെ ഭാഷ സാര്‍വലൗകികമാണെന്ന് അദ്ദേഹം തെളിയിച്ചു. നിരവധി ഭാഷകളില്‍ അദ്ദേഹം നാടകം ചെയ്തു. തമിഴും തെലുങ്കും മലയാളവും കന്നഡയും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അദ്ദേഹത്തിന് ഉദാത്തമായ ദൃശ്യസംസ്‌കാര സമന്വയത്തിനുള്ള സാമഗ്രികളായിരുന്നു. ഭാഷാഭേദം  ഭാഷണഭേദമായി അരങ്ങിനെ മുഷിപ്പിക്കാതിരിക്കാന്‍ ദൃശ്യസംവേദന ഭാഷയില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 1978 മുതല്‍ അദ്ദേഹം തൃശൂരിലുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ 1984 വരെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ജി  ശങ്കരപ്പിള്ളയിലൂടെ, നാടകക്കളരി പ്രസ്ഥാനത്തിലൂടെ, ഗാന്ധിഗ്രാമത്തിലെ സേവനത്തിലൂടെ അദ്ദേഹം കേരളത്തെയും സ്‌നേഹിക്കുകയായിരുന്നു. 1980ല്‍ തൃശൂര്‍ രംഗചേതന രൂപീകരിക്കുന്നതു മുതല്‍ അദ്ദേഹം ആ നാടകസമിതിയുടെ സുഹൃത്താണ്. ഉദ്ഘാടനവേദിയില്‍ ജി ശങ്കരപ്പിള്ളയ്‌ക്കൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു. അന്നദ്ദേഹം പറഞ്ഞു; 'അരങ്ങിലെ ചൈതന്യമാവട്ടെ രംഗചേതന.'ജി ശങ്കരപ്പിള്ളയെയും പി കെ വേണുക്കുട്ടന്‍ നായരെയും വയലാ വാസുദേവന്‍ പിള്ളയെയും പോലെ രംഗചേതനയുടെ ആചാര്യനായിരുന്നു അദ്ദേഹം. നിരവധി ക്യാംപുകളിലും ശില്‍പശാലകളിലും ആഘോഷപരിപാടികളിലും അദ്ദേഹം സന്തോഷപൂര്‍വം വരുകയും പങ്കെടുക്കുകയും ചെയ്തു. അതിഥിയായല്ല അദ്ദേഹം വരുക, രംഗചേതനയുടെ കുടുംബാംഗമായിട്ടാണ്. രംഗചേതന കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടത്തുന്ന വേനലവധി ക്യാംപില്‍ അദ്ദേഹം മിക്ക വര്‍ഷങ്ങളിലും എത്തിയിട്ടുണ്ട്. രംഗചേതനയ്ക്കു വേണ്ടി ജി ശങ്കരപ്പിള്ളയുടെ ഭരതവാക്യം അദ്ദേഹം സംവിധാനം ചെയ്തു.
ജി ശങ്കരപ്പിള്ളയുടെ ജന്മദിനത്തിന് അവതരിപ്പിക്കാന്‍       അദ്ദേഹത്തിന്റെ കിരാതം സംവിധാനം ചെയ്തു തരാമെന്ന്        പറഞ്ഞിരുന്നു. അതിന്റെ റിഹേഴ്‌സല്‍ അടുത്ത മാസം തുട         രാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ആകസ്മികമാ         യ അന്ത്യം.   ഹ
Next Story

RELATED STORIES

Share it