malappuram local

അയ്യപ്പന്റെ വിയോഗം: പോലിസ് നടത്തിയത് നരനായാട്ടെന്ന് നാട്ടുകാര്‍

എടവണ്ണ: നെല്ലാണിയിലെ കീ ര്‍ത്തിയില്‍ അയ്യപ്പന് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. എടവണ്ണ പത്തപ്പിരിയം അരഞ്ഞിക്കല്‍ കൃഷര്‍ ക്വാറി യൂനിറ്റിനടുത്തായി പുതുതായി ആരംഭിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ സമര സമിതി നടത്തുന്ന സമരത്തില്‍ സജീവമല്ലാത്ത അയ്യപ്പന്‍ അപ്രതീക്ഷിതമായിട്ടാണു പോലിസിന്റെ ലാത്തിക്കിരയായത്. അയപ്പന്‍ ജീവനും കൊണ്ടോടിയെത്തിയത് മരണക്കിണറിലേക്കായിരുന്നു. പത്തപ്പിരിയത്ത് പോലിസ് നടത്തിയത് നരനായാട്ടാണെന്നാണ് നാട്ടുകാരുടെ പരാതി. പോലിസിന്റെ ഈ നരനായാട്ട് അയ്യപ്പന്റെ ജീവനെടുത്തത്. സ്വന്തമായി ഒരു വീടു പോലും സ്വപ്‌നം കാണാന്‍ കഴിയാതെ ഒരു കൊച്ചു വാടക വീട്ടിലാണ് അയ്യപ്പനും കുടുംബവും താമസിക്കുന്നത്.
പറക്കമുറ്റാത്ത മൂന്ന് പെണ്‍മക്കളും ഭാര്യയും അടങ്ങുന്നതാണ് കൂലിപ്പണിക്കാരനായ അയ്യപ്പന്റെ കുടുംബം. മൂന്ന് പെണ്‍മക്കളും വിദ്യാര്‍ഥികളാണ്. സ്വന്തം തറവാട്ട് വീട്ടില്‍ അംഗ സംഖ്യ കൂടുതലായത് കൊണ്ട് എട്ടു വര്‍ഷമായി വാടക വീട്ടിലാണ് അയ്യപ്പനും കുടുംബവും താമസിച്ചു വരുന്നത്. എടവണ്ണ ഐന്തൂരില്‍ മിച്ച ഭൂമിയിനത്തില്‍ അയ്യപ്പന് നാലു സെന്റ് ഭൂമി കിട്ടിയെങ്കിലും ഒരു കൊച്ചു കൂരപോലും സ്വന്തമായി നിര്‍മിക്കാന്‍ ഈ കാലമത്രയും അയ്യപ്പന്റെ സാമ്പത്തിക ശേഷിക്കായിട്ടില്ല. ഇനിയെന്ത് എന്ന അന്താളിച്ച് നില്‍ക്കുകയാണ് ഭാര്യയും മൂന്ന് മക്കളും.
പോലിസ് ലാത്തിവീശി ആട്ടിയോടിക്കുന്നതിനിടെ പ്രാണ രക്ഷാര്‍ത്ഥം ഓടിയ പലരും പല വീടുകളിലെ കിണറുകളില്‍ വീണു പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഓടികൂടിയാണ് കിണറുകളില്‍ നിന്നും രക്ഷപ്പെടുത്തിയത്. നെല്ലാണിലെ ചൂരക്കുന്ന അബ്ദുല്‍ ലത്തീഫിന്റെ വീട്ടുമുറ്റത്തെ ആള്‍മറയുള്ള കിണറിലാണ് അയ്യപ്പന്‍ വീണത്. അയ്യപ്പന്‍ വീണത് പോലിസ് നടത്തിയ ലാത്തിയിലും ബഹളത്തിനും ഇടയില്‍ വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല.
ലത്തീഫിന്റെ ഭാര്യ രാവിലെ ആറ് മണിയോടെ കിണറ്റില്‍ വെള്ളം കോരുന്നതിനായി കിണറിനടുത്തെത്തിയപ്പോള്‍ കിണറില്‍ നിന്നും ടോര്‍ച്ചിന്റെ പ്രകാശം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി കിണറിലിറങ്ങി പരിശോദന നടത്തിയപ്പോഴാണ് അയ്യപ്പന്റെ മൃതദേഹം കണ്ടത്. ഉടന്‍ പോലിസിനെ വിവരം അറിയിച്ചെങ്കിലും പോലിസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സിഎന്‍ജി റോഡ് ഉപരോധിച്ചു. കലക്ടര്‍ എത്താതെ മൃതദേഹം കിണറില്‍ നിന്നും പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന സമരക്കാരുടെ വാശിക്കു മുന്നില്‍ സ്ഥലത്തെത്തിയ പോലിസ് മേധാവിയും സബ് കലക്ടറും മുട്ടുമടക്കി. അവസാനം കലക്ടറെത്തി സമര സമിതിയുമായി ചര്‍ച്ച നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോ ര്‍ട്ടത്തിനു ശേഷം വന്‍ ജനാവലിയുടെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളുടേ യും സാനിധ്യത്തില്‍ പത്തപ്പിരിയം മുക്കാലിയിലെ പൊതുസ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it