wayanad local

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നടപടിയില്ല

മാനന്തവാടി: ഗ്രാമപ്പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ട മാനന്തവാടിയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധമുയരുന്നു.
ഫെബ്രുവരി 28ന് മുമ്പായി ഡിപിസിയുടെ അംഗീകാരം നേടണമെന്നിരിക്കെ ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റി കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ നാലിന് മുനിസിപ്പാലിറ്റി ഓഫിസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഒക്ടോബര്‍ 31ന് ശേഷമാണ് ഗ്രാമപ്പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ട ഉത്തരവ് വന്നത്.
ഇതോടുകൂടി പഞ്ചായത്തിലെ 5000ത്തോളം വരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ജോലിയില്ലാതെയായി. ഇവരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താനുള്ള അവസാന ദിവസമാണ് ഫെബ്രവരി 28ന് കഴിഞ്ഞത്. ഇതിനു മുമ്പായി ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ആക്ഷന്‍ പ്ലാനും ലേബര്‍ ബജറ്റും തയ്യാറാക്കി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയാണ് ഡിപിസിക്ക് സമര്‍പ്പിക്കേണ്ടത്. ഇതിനുശേഷം സംസ്ഥാന മുനിസിപ്പല്‍ ഡയരക്ടറേറ്റില്‍ നിന്നും അംഗീകാരവും വാങ്ങണം. ഇതിനോടനുബന്ധിച്ച് അക്കൗണ്ടന്റ്, ഓവര്‍സിയര്‍, തസ്തികകളില്‍ നിയമനം നടത്തി ഏപ്രില്‍ ഒന്നിന് മുമ്പായി ലേബര്‍ കാര്‍ഡുള്‍പ്പെടെ തയ്യാറാക്കണം. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ കൗണ്‍സില്‍ ഇതുവരെ തയ്യാറായില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.
ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളെ സംഘടിപ്പിച്ച് മുനിസിപ്പാലിറ്റി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് നേതാക്കളായ ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്, പടയന്‍ മുഹമ്മദ്, പി വി എസ് മൂസ, സണ്ണി ചാലില്‍, ഡെന്നീസ് കണിയാരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it