malappuram local

അയിരൂരില്‍ ഉല്‍സവത്തിനിടെ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

പൊന്നാനി: അയിരൂരില്‍ ഉല്‍സവത്തിനോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വേട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ വെളിയങ്കോട് തണ്ണിത്തുറ സ്വദേശി ചാലില്‍ മുജീബ്(19), അയിരൂര്‍ സ്വദേശി സതീഷ് (32 )എന്നിവര്‍ക്കാണ് വേട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മുജീബ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍ ചികില്‍സയിലാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് തണ്ണിത്തുറ സ്വദേശികളായ നാല് പേരെ പെരുമ്പടപ്പ് എസ്‌ഐ മനോജ് കുമാര്‍ അറസ്റ്റ് ചെയ്തു.
തണ്ണിത്തുറക്കല്‍ ഷംനാദ്(20), ചെറുമൊയ്തീന്‍ വിട്ടില്‍ മന്‍സൂര്‍ അലി(32), കിളിയന്തറ വീട്ടില്‍ ഷംസീര്‍, തണ്ടാന്‍കൂളി വിട്ടില്‍ മിന്‍ഹാസ് എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും തണ്ണിത്തുറ സ്വദേശികളാണ്. അയിരൂരിലെ പുന്നുള്ളി ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവത്തിനോടനുബന്ധിച്ച് കാഴ്ചകൊണ്ട് വരുമ്പോള്‍ ഒരു വിഭാഗം മുജീബിനെ തലയ്ക്കും ൈകക്കും വെട്ടുകയായിരുന്നു. നേരത്തേ വെളിയങ്കോട് ഗ്രാമം ൈഹസ്‌കൂളിനടുത്തുവച്ച് മറ്റൊരു പൂരത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പകരം വീട്ടലായിരുന്നു ഇത്. സിപിഎം ജില്ലാ നേതാവായ ടി എം സിദ്ധീഖിന്റെ മരുമകനാണ് മാരകമായി പരുക്കേറ്റ മുജീബ്.
പുന്നയൂര്‍ക്കുളം പ്രതിഭ കോളജിലെ ബിരുദ വിദ്യാര്‍ഥി കൂടിയാണ് മുജീബ്. മുജീബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ തണ്ണിത്തുറയില്‍ നിന്നെത്തിയ 25 ഓളം സംഘം ക്ഷേത്രവളപ്പില്‍ അഴിഞ്ഞാടുകയായിരുന്നു.
ക്ഷേത്രത്തിലെ ഉല്‍സവത്തിന് ഉയര്‍ത്തിയ കൊടി തകര്‍ത്തു. ആല്‍ത്തറയില്‍ സ്ഥാപിച്ച വിളക്കും ക്ഷേത്രവളപ്പിലെ എട്ടോളം ലൈറ്റുകളും ഉല്‍സവം കാണാനെത്തിയ എരമംഗലം സ്വദേശിയുടെ ഓട്ടോറിക്ഷയും ആക്രമികള്‍ തകര്‍ത്തു. അയിരൂര്‍ സ്വദേശിയായ സതീഷന് കാലിന് വെട്ടേറ്റു. ഇയാള്‍ ബിജെ പി പ്രവര്‍ത്തകനാണ്. നേരത്തേ സിപിഎം പ്രവര്‍ത്തകനായിരുന്ന ഇയാള്‍ ബിജെപിയില്‍ ചേരുകയായിരുന്നു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ദൃക്‌സാക്ഷികളും പോലിസും പറഞ്ഞു.
ഉല്‍സവപ്പറമ്പില്‍ കച്ചവടത്തിനെത്തിയവര്‍ക്കും മര്‍ദ്ദനമേറ്റു. സ്ഥലത്ത് തിരൂര്‍ ഡിവൈഎസ്പി വേണുഗോപാല്‍, പൊന്നാനി സിഐ രാധാകൃഷ്ണന്‍, പെരുമ്പടപ്പ് എസ്‌ഐ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തി.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പെരുമ്പടപ്പ് സ്‌റ്റേഷനില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പൂരങ്ങളിലെ കാഴ്ചവരവുകളോടനുബന്ധിച്ച് ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ നിരീക്ഷണ സംവിധാനം കര്‍ശനമാക്കാന്‍ തീരുമാനമായി. ആക്രമത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെ പോലിസിന്റെയും രാഷ്ട്രീയക്കാരുടെയും കനത്ത പ്രതിഷേധത്തിനിടയാക്കി.
Next Story

RELATED STORIES

Share it