അമ്മുക്കുട്ടി-ഷിഹാബ് വധം: 21 സിപിഎം പ്രവര്‍ത്തകരെ വെറുതെവിട്ടു

കൊച്ചി: തലശ്ശേരി അമ്മുക്കുട്ടി-ഷിഹാബ് വധക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 24 പ്രതികളില്‍ 21 സിപിഎം പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഹൈക്കോടതി വെറുതെ വിട്ടു. കൊലപാതകത്തിനു നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നു പ്രതികളുടെ ജീവപര്യന്ത്യം ശിക്ഷ ജസ്റ്റിസ് ബി ഭവദാസന്‍, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
രണ്ട്, 12, 15 പ്രതികളായ വയലില്‍ ഗിരിശന്‍, കെ വി മഹേന്ദ്രന്‍, കെ വി രാധാക്യഷ്ണന്‍ എന്നിവരുടെ ശിക്ഷയാണ് കോടതി ശരിവച്ചത്. കുറ്റക്യത്യത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്നും ഇത് പര്യാപ്തമായ തെളിവുകള്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിലെ മറ്റുപ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഇവരെ തിരിച്ചറിയാന്‍ കേസിലെ ദ്യക്‌സാക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കുറ്റാരോപണം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളായ പുതുപുരയില്‍ മനോജ്, മീത്തലേപുരയില്‍ ജയരാജന്‍, അതിയേരി ബാലക്യഷ്ണന്‍, മണോലി ദിലീപ്, പുതിയപറമ്പില്‍ ബൈജു, എ കെ ശശി, എ കെ രവീന്ദ്രന്‍, ചെറുപറമ്പത്ത് പ്രമോദ്, കെ അരുണ്‍കുമാര്‍, കെ വി മഹേഷ്, കൊയ്യാടന്‍ സഹദേവന്‍ മാസ്റ്റര്‍, കല്ലന്‍വീട്ടില്‍ ശ്രീധരന്‍, ചാലില്‍ പ്രകാശന്‍, എ കെ പ്രതീഷ്, ചൂരയില്‍ രാജന്‍, എ കെ പ്രദീപന്‍, കെ രവീന്ദ്രന്‍, കെ രാജീവന്‍, ചോന്നിപ്പറമ്പത്ത് ചന്ദ്രന്‍, എ കെ പ്രവീണ്‍, കൂലി വിനോദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. തലശ്ശേരി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതികള്‍ സമര്‍പിച്ച അപ്പീലിലാണ് ഹൈക്കോടതി യുടെ ഉത്തരവ്.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ഉത്തമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരടങ്ങുന്ന 13 പേര്‍ സഞ്ചരിച്ച ജീപ്പ് തടഞ്ഞുനിര്‍ത്തി അക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. ജീപ്പിന് നേരെ ബോംബെറിഞ്ഞപ്പോള്‍ ഡ്രൈവറായ ഷിഹാബിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്തു. പ്രായമായ അമ്മുക്കുട്ടിയമ്മയും ഷിഹാബും സംഭവത്തില്‍ മരിച്ചു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. 2002ല മെയ് 23നാണ് സംഭവം. കേസിലെ 25 പ്രതികളില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. മറ്റു പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജീവപര്യന്ത്യം ശിക്ഷയായിരുന്നു വിധിച്ചത്.
Next Story

RELATED STORIES

Share it