Alappuzha local

അമ്പലപ്പുഴ മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടം; വിമത ഭീഷണിയില്‍ കോണ്‍ഗ്രസ്

അബ്ദുല്‍ ലത്തീഫ്

ആലപ്പുഴ: പ്രചാരണം അവസാന പാദത്തിലേക്ക് നീങ്ങുമ്പോള്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരനും യുഡിഎഫ് സ്ഥാനാര്‍ഥി ഷെയ്ക്ക് പി ഹാരിസും നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റും പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എല്‍ പി ജയചന്ദ്രന്‍ ബിജെപിയുടെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. മൂന്നു മുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയുമായി എസ്ഡിപിഐ- സമാജ് വാദി സംഖ്യ സ്ഥാനാര്‍ഥി കെ എസ് ഷാനും രംഗത്തുണ്ട്. എറണാകുളം ലോ കോളജില്‍ നിന്നും ബിരുദമെടുത്തതിന് ശേഷം പൊതു പ്രവര്‍ത്തനത്തിനിറങ്ങി. വര്‍ഗീയ ഫാഷിസ്റ്റുകളുടെ അക്രമണത്തില്‍ ഇരകളോടൊപ്പം തോളുരുമി പ്രതികരിക്കുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഷാന്‍ സജീവമാണ്. സമ്പന്നമായ രാഷ്ട്രീയ അനുഭവത്തിന്റെ കരുത്തില്‍ തുടര്‍ച്ചായ മൂന്നാം തവണയും അമ്പലപ്പുഴയുടെ അംഗീകാരം തേടുന്ന ജി സുധാകരന് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളാണ് ഉയര്‍ത്തിക്കാട്ടാനുള്ളത്.
ജനതാദള്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി ഹാരിസിന്റെ മകനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഷെയ്ക്ക് പി ഹാരിസ് ജനതാദള്‍ (യു) നോമിനിയാണ്. കായംകുളം നഗരസഭാ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞാണ് കോണ്‍ഗ്രസ് ഈ സീറ്റ് ജനതാദള്‍ (യു) വിന് നല്‍കിയത്. എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ , കെപിസിസി മെംബറും മുന്‍ എംഎല്‍എയുമായ ഡി സുഗതന്‍ എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി ആഗ്രഹിച്ചവരാണ്. ഇവരെ പുറംതള്ളിയാണ് ജനതാദളിന് സീറ്റ് നല്‍കിയത്.
നിര്‍ണായക ഘട്ടങ്ങളിലെല്ലാം അമ്പലപ്പുഴ കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. കോണ്‍ഗ്രസിന്റെ അഭിമാന പോരാട്ടങ്ങളുടെ രണഭൂമികൂടിയായിരുന്നു ഇവിടം.
ഈ കുതികാല്‍ വെട്ടലിന് നേതൃത്വപരമായ പങ്ക് വഹിച്ചത് ആലപ്പുഴ എംപി കെ സി വേണു ഗോപാല്‍ ആണെന്ന് ഒരുപറ്റം കോണ്‍ഗ്രസ്സുകാര്‍ ആരോപിക്കുന്നു. രോഷാകുലരായ അവര്‍ അസഭ്യ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇതിന്റെ പ്രതികാരം അടുത്ത തിരഞ്ഞെടുപ്പില്‍ കെ സി അനുഭവിക്കുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 1,16,121 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 63,728 പോര്‍ട്ടുകള്‍ നേടി സിപിഎമ്മിലെ ജി സുധാകരന്‍ തന്റെ തൊട്ടടുത്ത എതിരാളിയായിരുന്ന കോണ്‍ഗ്രസ്സിലെ എം ലിജുവിനെ 16580 വോട്ടിനു തോല്‍പ്പിച്ചു. ഈ സ്ഥിതിയില്‍ മാറ്റം വരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോഴുളളതെന്ന് നിരീക്ഷിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it