Kollam Local

അമ്പലക്കരയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

കൊട്ടാരക്കര: അമ്പലക്കരയില്‍ ആര്‍എസ്എസ്-സിപിഎം സംഘട്ടനത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. വീടുകളില്‍ കയറി വാള്‍കാണിച്ച് ഭീഷണിപ്പെടുത്തിയശേഷമായിരുന്നു അക്രമം. അമ്പലക്കര ഇരുകുന്നത്ത് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അക്രമം അരങ്ങേറിയത്. പരിക്കേറ്റവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. ഇരുകുന്നം ചരുവിള വീട്ടില്‍ അനോജ്(23)ആണ് വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. പരിക്കേറ്റ പനയലഴികത്ത് വീട്ടില്‍ രാഹുല്‍(21),ഏറത്ത് വടക്കതില്‍ അരുണ്‍ (22), പ്രമോദ് ഭവനില്‍ പ്രമോദ് (21), സരസ്വതി മന്ദിരത്തില്‍ രാമദാസ് (50), രാജീവ് ഭവനില്‍ (19) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പ് മുതല്‍ ഇവിടെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ സമീപത്തെ കല്യാണ വീട്ടില്‍ വച്ചുണ്ടായ തര്‍ക്കമാണ് പിന്നീട് അക്രമത്തില്‍ കലാശിച്ചത്. ഇവിടെയുണ്ടായിരുന്ന ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച ശേഷമാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കല്യാണ വീട്ടില്‍ നിന്നും വരികയായിരുന്ന സിപിഎം പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. ഇവരുടെ വീടുകളില്‍ കയറി വടിവാള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയശേഷം മര്‍ദ്ദിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്നു രണ്ട് ബൈക്കും ഒരു ഓട്ടോറിക്ഷയും റോഡിലേക്ക് കൊണ്ട് വന്നശേഷം പാറ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു.
തടസ്സം പിടിക്കാന്‍ വന്ന വീട്ടുകാരേയും മര്‍ദ്ദിച്ചു. ഇവിടെ നിന്നും ഒരുകിലോമീറ്റര്‍ അകലെയാണ് അനോജിന് വെട്ടേറ്റത്. ബൈക്കിലെത്തിയ പത്ത് പേരടങ്ങുന്ന സംഘമാണ് ആക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ പോലിസിനോട് പറഞ്ഞു.
കൂട്ടുകാരോടൊപ്പം നിന്ന അനോജും സംഘവും ആക്രമിക്കാനെത്തിയവരെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ കടയുടെ മുകളില്‍ ഒളിച്ചിരുന്ന അനോജിന്റെ ആക്രമികള്‍ കൈകാലുകളില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സ്ഥലത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിച്ചതിനെതുടര്‍ന്നുണ്ടായ ആഘോഷങ്ങളില്‍ പടക്കം പൊട്ടിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായിട്ടാണ് സൂചന. അതേസമയം പോലിസ് പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം കൊട്ടാരക്കര ഏരിയാ നേതൃത്വം പറഞ്ഞു.
ബൈക്കുള്‍പ്പെടെയുള്ള തൊണ്ടി സാധനങ്ങള്‍ പോലിസ് സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നെന്നും നേതൃത്വം ആരോപിച്ചു.
Next Story

RELATED STORIES

Share it