അമ്പമ്പോ അഫ്ഗാന്‍.

നാഗ്പൂര്‍: നിരവധി പോരാട്ടങ്ങളെ അതിജീവിച്ച് ക്രിക്കറ്റിന്റെ ക്രീസിലെത്തിയ അഫ്ഗാനിസ്താന്‍ അവിടെയും വിജയത്തിന്റെ പതാക നാട്ടി. ട്വന്റി ലോകകപ്പിന്റെ സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് ഒന്നി ല്‍ ഇന്നലെ നടന്ന കളിയില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെയാണ് അഫ്ഗാന്‍ കൊമ്പുകുത്തിച്ചത്. നേരത്തേ തന്നെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നെങ്കിലും ഏറെക്കാലം അഭിമാനിക്കാന്‍ വകനല്‍കുന്ന വിജയവുമായി തലയുയ ര്‍ത്തിപ്പിടിച്ചാണ് അഫ്ഗാന്റെ മടക്കം. സെമി ഫൈനലിസ്റ്റുക ളായ വിന്‍ഡീസിനാവട്ടെ ഈ തോല്‍വി അപ്രതീക്ഷിത ആഘാതമായി. ചരിത്രത്തിലാദ്യമായാണ് അഫ്ഗാന്‍ ഇത്തവണ ട്വന്റി ലോകകപ്പിന്റെ പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പര്‍ 10ല്‍ നേരത്തേ കളിച്ച മൂന്നു കളികളിലും റാങ്കിങില്‍ ബഹുദൂരം മുന്നിലുള്ള എതിരാളികളെ വിറപ്പിച്ച അഫ്ഗാന്‍ ഒടുവില്‍ അവിസ്മരണീയ ജയത്തോടെ തങ്ങളുടെ സാന്നിധ്യമറിയിക്കുകയും ചെയ്തു.ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 123 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്‌ലിനു വിശ്രമം നല്‍കിയാണ് ഇറങ്ങിയതെങ്കിലും വിന്‍ഡീസിന് ഈ സ്‌കോര്‍ വെല്ലുവിളിയാവുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ അഫ്ഗാന്‍ വിന്‍ഡീസിനെ ഞെട്ടിച്ചു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 117 റണ്‍സെടുക്കാനേ വിന്‍ഡീസിനായുള്ളൂ. അഫ്ഗാന്റെ ജയം ആറു റണ്‍സിന്.ഡ്വയ്ന്‍ ബ്രാവോ (28), ഓപണര്‍ ജോണ്‍സന്‍ ചാള്‍സ് (22) എന്നിവര്‍ മാത്രമാണ് കരീബിയ ന്‍ നിരയില്‍ പൊരുതിനോക്കിയത്. അഫ്ഗാനുവേണ്ടി റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ടു വിക്കറ്റ് പിഴുതപ്പോള്‍ അമീര്‍ ഹംസ, ഹാമിദ് ഹസ്സന്‍, ഗുല്‍ബദെയ്ന്‍ നെയ്ബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തേ 40 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 48 റണ്‍സുമായി പുറത്താവാതെ നിന്ന നജീബുല്ല സദ്രാന്റെ പ്രകടനമാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് ശഹ്‌സാദ് (24), ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് (16) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അഫ്ഗാന്‍ താരം നജീബുല്ലയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it