ernakulam local

അമോണിയ കൊണ്ടുപോവുന്നതില്‍ നിയന്ത്രണം; നടപടി കര്‍ശനമാക്കും

കാക്കനാട്: അമോണിയ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടുപോവുന്നതില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ഏര്‍പെടുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
ബാര്‍ജ് വഴിയുള്ള നീക്കം തടഞ്ഞിരിക്കുന്നതിനാല്‍ ഫാക്ടിലേക്കുള്ള അമോണിയ ബുള്ളറ്റ് ടാങ്കര്‍ വഴിയാണ് കൊണ്ടുപോവുന്നത്. ഉദ്യോഗമണ്ഡലില്‍ ദിനംപ്രതി 500 ടണ്‍ അമോണിയ ഉല്‍പാദിപ്പിക്കുന്നുണ്ട്. അത് അമ്പലമേട്ടിലേക്കു കൊണ്ടുപോകും. ഇപ്പോള്‍ 10 ടാങ്കറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മുംബൈയിലെ സ്വകാര്യ കമ്പനിക്കാണ് ഇതിന്റെ ചുമതല. മൂന്നു ടാങ്കറുകള്‍ പരിശോധനയില്‍ പോരായ്മകള്‍ കണ്ടതായി ആര്‍ടിഒ കെ എം ഷാജി അറിയിച്ചു. ഇത് പരിഹരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. ടാങ്കറുകളില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അറ്റന്‍ഡറെക്കൂടി നിയോഗിക്കണം. രാവിലെ 8 മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ ആറു വരെയും രാസവസ്തുക്കള്‍ റോഡിലൂടെ കൊണ്ടുപോവാന്‍ പാടില്ല.
ബാര്‍ജില്‍ 60,000 ടണ്‍ അമോണിയ ഇതുവരെ കൊണ്ടുപോയിട്ടുണ്ട്. ഇതുവരെ അപകടമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസത്തേത് ആദ്യമായാണെന്നും ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനിലെ പ്രൊഡക്ഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു. അമ്പലമേട് ഡിവിഷന്‍ പ്രൊഡക്ഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി ശശിധരന്‍ നായര്‍, ഇന്‍ഫോ പാര്‍ക് സിഐ സാജന്‍ സേവ്യര്‍, മൊബൈല്‍ സ്‌ക്വാഡ് എംവിഐ ജോര്‍ജ് തോമസ്, ട്രാന്‍സ്‌പോര്‍ട് കമ്പനി പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it