Sports

അമേരിക്കയ്ക്ക് നിര്‍ണായകം; ക്വാര്‍ട്ടറിലേക്ക് കുതിക്കാന്‍ കൊളംബിയ

അമേരിക്കയ്ക്ക് നിര്‍ണായകം; ക്വാര്‍ട്ടറിലേക്ക്  കുതിക്കാന്‍ കൊളംബിയ
X
usa-copa-america

ചിക്കാഗോ: കോപ അമേരിക്കയുടെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ക്കു ഇന്നു തുടക്കമാവും. മരണഗ്രൂപ്പായ എയില്‍ ആതിഥേയരായ അമേരിക്ക കോസ്റ്ററിക്കയുമായി ഏറ്റുമുട്ടുമ്പോള്‍ കൊളംബിയ പരാഗ്വേയെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് അമേരിക്ക-കോസ്റ്ററിക്ക മല്‍സരം. രാവിലെ എട്ടിന് കൊളംബിയ പരാഗ്വേയുമായി കൊമ്പുകോര്‍ക്കും.
ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് അമേരിക്ക ഇറങ്ങുന്നത്. ഉദ്ഘാടനമല്‍സരത്തില്‍ കൊളംബിയയോടേറ്റ 0-2ന്റെ തോല്‍വിയാണ് അമേരിക്കയ്ക്ക് ഈ കളി നിര്‍ണായകമാക്കിയത്. കൊളംബിയക്കെതിരേ രണ്ടാംപകുതിയില്‍ മാത്രമാണ് അമേരിക്കയ്ക്കു ഭേദപ്പെട്ട പ്രകടനം നടത്താനായത്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്താവുകയാണെങ്കില്‍ അമേരിക്കയ്ക്ക് അതു കനത്ത നാണക്കേടാവും. യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ പരിശീലകസ്ഥാനത്തിനും ഇതു ഭീഷണിയുയര്‍ത്തും. കോപയ്ക്കു മുമ്പ് നടന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് അമേരിക്ക കാഴ്ചവച്ചത്. തുടര്‍ച്ചയായി മൂന്നു കളികളില്‍ ജയിച്ചാണ് അവര്‍ കൊളംബിയക്കെതിരേ ഇറങ്ങിയത്.
മറുഭാഗത്ത് കോസ്റ്ററിക്കയുടെ നിലയും ഭദ്രമല്ല. ആദ്യ മല്‍സരത്തില്‍ പരാഗ്വേയുമായി ഗോള്‍രഹിത സമനില വഴങ്ങിയ കോസ്റ്ററിക്കയ്ക്കും ജയം അനിവാര്യമാണ്. കഴിഞ്ഞ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ കോസ്റ്ററിക്ക കോപയിലും കറുത്ത കുതിരകളാവാമെന്ന പ്രതീക്ഷയിലാണ്.
അതേസമയം, കോപയുടെ 100ാമത് എഡിഷന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമെന്ന ബഹുമതി തേടിയാണ് കൊളംബിയ ബൂട്ടണിയുന്നത്. ആദ്യമല്‍സരത്തില്‍ അമേരിക്കയെ തകര്‍ത്തെറിയാനായത് കൊളംബിയയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ഈ കളിക്കിടെ പരിക്കേറ്റ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഹാമിഷ് റോഡ്രിഗസ് കൊളംബിയക്കായി കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.
Next Story

RELATED STORIES

Share it