Kottayam Local

അമൃതം-ആരോഗ്യം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയവര്‍ വലഞ്ഞു

ചങ്ങനാശ്ശേരി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി അമൃതം-ആരോഗ്യത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പേരു രജിസ്റ്റര്‍ ചെയ്യാനെത്തിയവര്‍ വലഞ്ഞു. രജിസ്‌ട്രേഷനായി എത്തിയവര്‍ക്ക് അതിനുള്ള സൗകര്യങ്ങളില്ലാതെ വന്നതാണ് രോഗികള്‍ വലയാന്‍ കാരണം. തിക്കിലും തിരക്കിലും പെട്ട് ചിലര്‍ കുഴഞ്ഞു വീഴുകയും ചെയ്തു.
രാവിലെ ആറുമുതല്‍ രജിസ്‌ട്രേഷനായി ആശുപത്രിയില്‍ ക്യൂ നിന്നവരാണ് വലഞ്ഞവരില്‍ ഏറെപ്പേരും. രാമങ്കരി, കുരങ്കരി,പായിപ്പാട്, കുറിച്ചി, മാടപ്പള്ളി, വാഴപ്പള്ളി, തൃക്കൊടിത്താനം, ചിങ്ങവനം, വാകത്താനം, ശാന്തിപുരം, കറുകച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പ്രായമായവര്‍വരെ രജിസ്‌ട്രേഷനായി എത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പഞ്ചായത്തുകളിലെ സാഹൂഹികാരോഗ്യ കേന്ദ്രത്തിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആഴ്ചയിലൊരിക്കല്‍ ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്കുകള്‍ നടത്തിവരികയാണ്.
സമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം,ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് നടത്തിവരുന്നത്. ഇവിടെ നിന്നും ഡോക്ടര്‍മാരുടെ റഫറല്‍ കാര്‍ഡുമായിട്ടാണ് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ എത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഈ പരിശോധന കാര്യക്ഷമമായി നടത്തിയാല്‍ ജനറല്‍ ആശുപത്രികളില്‍ വലിയ തോതില്‍ രോഗികള്‍ എത്തുകയില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇത്തരം രോഗികള്‍ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഒപി സജ്ജമാക്കിയിട്ടും നാളേറെയായി.ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്കിലും ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതുവരെയും നടന്നിട്ടുമില്ല.
ഈ സാഹചര്യത്തില്‍ ഒ പിക്കുവേണ്ടി ഒരുക്കിയിരിക്കുന്ന കെട്ടിടത്തിന് വേണ്ടത്ര സൗകര്യമില്ലാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. നാലു ഡോക്ടര്‍മാരും ഒരു ഡയറ്റീഷനും പത്തോളം പാരാമെഡിക്കല്‍ ജീവനക്കാരും ഈ ഒ പി യിലേക്കു നിയോഗിച്ചെങ്കിലും രോഗികളുടെ ബാഹുല്യം കാരണം രജിസ്‌ട്രേഷനുപോലും സൗകര്യപ്രദമായി നടത്താനായിട്ടില്ലെന്നു രോഗികള്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡും പേരു വിവരങ്ങളും രോഗം,മരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയ ബുക്കും വിതരണം ചെയ്യുന്നുണ്ട്.
എന്നാല്‍ വിലകൂടിയ മരുന്നുകള്‍ ആശുപത്രിയില്‍നിന്നും ലഭ്യമല്ലെന്നും രോഗികള്‍ പരാതിപ്പെ—ടുന്നു. പുതിയ ഒപി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാപ്രശ്‌നത്തിനും പരിഹാരമാവുമെന്നും അടുത്തയാഴ്ചയോടെ പുതിയ ഒപി ബ്ലോക്കു ഉദ്ഘാടനം ചെയ്യപ്പെടുമെന്നും അതിനുള്ള നടപിടകള്‍ പൂര്‍ത്തിയായി വരികയാണെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it