Gulf

അമീറുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സംബന്ധിച്ചും വിവിധ മേഖലകളില്‍ സഹകരണം വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചര്‍ച്ച ചെയ്തു.
വാണിജ്യം, സാമ്പത്തികം, നിക്ഷേപം, ഊര്‍ജം, വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും അമീര്‍-മോദി സംഭാഷണത്തില്‍ ധാരണയായി.
പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍-ഇന്ത്യ സംയുക്ത ഉന്നത സമിതിക്ക് രൂപം നല്‍കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ഇരുരാജ്യങ്ങളിലുമുള്ള പൗരന്മാര്‍ക്ക് ടൂറിസം, ബിസിനസ് വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ആവശ്യമായ സംവിധാനം വികസിപ്പിക്കാനും ധാരണയായി.
മിഡിലീസ്റ്റില്‍ പ്രത്യേകിച്ച് സിറിയ, ഇറാഖ്, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച് വിശകലനം ചെയ്ത ഇരു ഭരണാധികാരികളും മേഖലകളില്‍ സംഘര്‍ഷവും പ്രതിസന്ധികളും അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കുന്നതിനാവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.
ലോക സമാധാനത്തിന് ഭീഷണിയായ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും എല്ലാ രൂപങ്ങള്‍ക്കുമെതിരേ പോരാടുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും അമീരി ദീവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദിയും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഏഴ് ധാരണപത്രങ്ങളില്‍ ഒപ്പിടുന്ന ചടങ്ങിലും ഇരു രാഷ്ട്രത്തലവന്മാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it