Gulf

അമീറിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമുണ്ടെന്ന് അത്തിയ്യ

ദോഹ: കഴിഞ്ഞ ദിവസം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി റഷ്യ സന്ദര്‍ശിച്ചത് വന്‍ പ്രധാന്യത്തോടെയാണ് പശ്ചിമേഷ്യ നോക്കിക്കണ്ടതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ റഷ്യ ടുഡെ ചാനലിനോട് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ വിഷയത്തിലെ പ്രമുഖ പങ്കാളിയെന്ന നിലക്ക് റഷ്യയുമായുള്ള അമീറിന്റെ ചര്‍ച്ച പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള പ്രധാന ചുവടുവയ്പ്പാണ്. അധികാരത്തില്‍ നിന്ന് അസദിന്റെ പടിയിറക്കമാണ് സിറിയന്‍ ജനതയുടെ താല്‍പര്യമെന്ന് ബോധ്യപ്പെടുന്നതിനു ഈ ചര്‍ച്ച വഴിവക്കും. മേഖലയിലെ ഭീകരതക്കുള്ള പ്രധാന കാരണം അസദ് ഭരണകൂടമാണെന്ന് അത്തിയ്യ കുറ്റപ്പെടുത്തി. അതേസമയം, അറബ് സൗഹൃദ രാജ്യമെന്ന നിലയ്ക്ക് ഇറാഖിന്റെ അതിഥികളായാണ് ഖത്തരി പൗരന്‍മാര്‍ ഇറാഖിലേക്ക് പോയതെന്ന് ഇറാഖില്‍ അജ്ഞാതരുടെ തടവിലുള്ള ഖത്തരികളുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും വേട്ടക്കായി ഖത്തര്‍ സംഘം ഇറാഖ് സന്ദര്‍ശിക്കാറുണ്ട്. ഇറാഖ് സര്‍ക്കാരില്‍ നിന്നുള്ള അനുമതിയോടെയും അല്‍മസ്‌ന പ്രവിശ്യാ അധികൃതരുടെ സംരക്ഷണത്തോടെ അവരുടെ അതിഥികളായുമാണ് ഖത്തര്‍ സംഘം അവിടെയെത്തിയത്. എന്നാല്‍, ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. അമീര്‍ ഇറാഖ് സര്‍ക്കാരുമായി ഖത്തരികളുടെ സുരക്ഷിതത്തത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തടവുകാരുടെ കാര്യം ഖത്തറിന്റെ ശ്രദ്ധയില്‍ സജീവമായുണ്ടെന്നും അവരുടെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്തിയ്യ കൂട്ടിച്ചേര്‍ത്തു.തീര്‍ച്ചയായും ഈ പ്രശ്‌നം പരിഹരിക്കുന്നതിനു ഇറാന് അതിന്റേതായ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ഖത്തരികളുടെ മോചനത്തിനു ഇറാന്റെ ഇടപെടല്‍ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇറാന്‍ സൈനികരെ പല ഘട്ടത്തിലും മോചിപ്പിക്കുന്ന കാര്യത്തില്‍ ഖത്തര്‍ ഇറാനോടൊപ്പം നിന്നിട്ടുണ്ട്. ഖത്തര്‍ പൗരന്‍മാരുടെ മോചനത്തിന് ഇറാന്‍ സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അത്തിയ്യ വ്യക്തമാക്കി.
Next Story

RELATED STORIES

Share it