Kottayam Local

അമിത വേഗതയിലെത്തിയ ബൈക്ക് മൂന്നാം ക്ലാസുകാരിയെ ഇടിച്ചുതെറിപ്പിച്ചു

തൊടുപുഴ: മൂന്നാം ക്ലാസുകാരിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ കണ്ടെത്താനായില്ല.
കാലിനും തലയിലും പരുക്കേറ്റ മണക്കാട് ആല്‍പ്പാറ ആല്‍പാറതൊട്ടിയില്‍ സന്തോഷിന്റെ മകള്‍ അപര്‍ണയെ (ഏഴ്) തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ഇടതുകാല്‍ മുട്ടിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അപര്‍ണയുടെ തലയുടെ പിന്നിലും പരിക്കുണ്ട്.
ഇന്നലെ വൈകീട്ട് ആറേമുക്കാലോടെ നഗരത്തില്‍ മണക്കാട് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ െ്രെഡവറായ പിതാവ് സന്തോഷിനൊപ്പമാണു കുടുംബസമേതം ഇവര്‍ നഗരത്തിലെത്തിയത്. ഭാര്യ ജൂനിയ, മക്കളായ അപര്‍ണ, അലീന എന്നിവരും ഒപ്പമുണ്ടായിരുന്നു.
പഠനോപകരണങ്ങളും വളയും മറ്റും വാങ്ങുന്നതിന് കടയിലേക്ക് റോഡരികിലൂടെ നടക്കുന്നതിനിടെ പിന്നാലെ അമിത വേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു മാതാപിതാക്കള്‍ പറഞ്ഞു. അപകടത്തിനു ശേഷം ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടു. ഹെല്‍മറ്റ് ധരിച്ച് എത്തിയ ബൈക്ക് യാത്രക്കാരനെ തിരിച്ചറിയിനായില്ല.
സന്ധ്യയായതിനാല്‍ ബൈക്കിന്റെ നമ്പരും മനസിലാക്കാനായില്ലെന്ന് പിതാവ് സന്തോഷ് പറഞ്ഞു. അപകടസമയത്ത് ഓട്ടോറിക്ഷ ഒതുക്കിയിടുന്നതിനായി സന്തോഷ് റോഡിന്റെ എതിര്‍വശത്തായിരുന്നു.
റോഡില്‍ വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
അരിക്കുഴ ഗവ. എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസിലേക്ക് ഇന്ന് പോകുന്നതിനായി ബാഗും മറ്റും വാങ്ങുന്നതിന് എത്തിയപ്പോഴായിരുന്നു അപകടം. ബൈക്ക് യാത്രികനെ കണ്ടെത്താന്‍ നഗരത്തില്‍ പോലിസ് സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
കാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it