അമിത് ഷാ വീണ്ടും ബിജെപി അധ്യക്ഷനായേക്കും; മന്ത്രിസഭാ പുനസ്സംഘടന പിന്നീട്

ന്യൂഡല്‍ഹി: പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിക്ക് ബിജെപി ഒരുങ്ങുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത്ഷാ തന്നെ ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരണമെന്നാണു പാര്‍ട്ടിയിലെ പൊതുവികാരം.

അമിത്ഷായെ വീണ്ടും തിരഞ്ഞെടുത്ത ശേഷമാവും കേന്ദ്രമന്ത്രിസഭാ പുനസ്സംഘടന. കേരളമടക്കമുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നു പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ ന ല്‍കുന്ന സൂചന.
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളില്‍ മാറ്റമുണ്ടാവില്ല. മോശം പ്രകടനം കാഴ്ചവച്ചവരെ ഒഴിവാക്കുകയോ മറ്റു മന്ത്രാലയങ്ങളിലേക്കു മാറ്റുകയോ ചെയ്യും. ചില മന്ത്രാലയങ്ങള്‍ പുനസ്സംഘടിപ്പിക്കുന്നതിനു പുറമെ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് അധിക ചുമതല നല്‍കാനുമാണു തീരുമാനം.
നവംബറിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിഹാറില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിട്ടുണ്ട്. അമിത്ഷായെ വീണ്ടും അധ്യക്ഷനാക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ജിയ പറഞ്ഞു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണത്തിനു ചുക്കാന്‍പിടിക്കലും അമിത്ഷാ ആയിരിക്കും.
പാര്‍ട്ടിക്ക് സ്വാധീനം കുറവുള്ള പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്, അസം എന്നിവിടങ്ങള്‍ക്കു പുറമെ പഞ്ചാബിലും ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അമിത്ഷായെ മാറ്റുന്നതു തിരിച്ചടിയാവുമെന്നാണു വിലയിരുത്തല്‍. അടുത്തവര്‍ഷമാണ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it