അമിത് ജോഗിയെ കോണ്‍ഗ്രസ് പുറത്താക്കി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എംഎല്‍എ അമിത് ജോഗിയെ ആറുവര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. അദ്ദേഹത്തിന്റെ പിതാവും ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രിയുമായ അജിത് ജോഗിയുടെ പാര്‍ട്ടി അംഗത്വം റദ്ദാക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പാസാക്കിയിട്ടുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിനു ശേഷം ഭൂപേഷ് ബാഗല്‍ അറിയിച്ചതാണ് ഇക്കാര്യം.

2014ല്‍ ഛത്തീസ്ഗഡിലെ അന്താഗഡ് നിയമസഭാ മണ്ഡലത്തിലെ  ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ഫോണ്‍ സംഭാഷണങ്ങളാണ് അമിത് ജോഗിയെ പുറത്താക്കാന്‍ കാരണം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മന്തുറാം പവാര്‍ അവസാന നിമിഷത്തില്‍ പിന്‍മാറിയതിനു പിന്നില്‍ പണമിടപാടുകളാണെന്നായിരുന്നു ആരോപണം, തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാണു വിജയിച്ചത്. ഇതുസംബന്ധിച്ച് ഒരു ഇംഗ്ലീഷ് പത്രമാണ് അജിത് ജോഗി, അദ്ദേഹത്തിന്റെ മകന്‍ അമിത് ജോഗി, മുഖ്യമന്ത്രി രമണ്‍ സിങ്, മരുമകന്‍ പുനീത് ഗുപ്ത, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്തുറാം പവാര്‍, ജോഗിയുടെ വിശ്വസ്തരായ ഫിറോസ് അമീന്‍ മേമന്‍ എന്നിവരുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഡിസംബര്‍ 30നു പുറത്തുവിട്ടത്.മുഖ്യമന്ത്രി രമണ്‍സിങ്, അജിത് ജോഗി, അമിത് ജോഗി എന്നിവര്‍ ആരോപണം നിഷേധിച്ചിരുന്നു.

സംസ്ഥാന കോണ്‍ഗ്രസ്സിന്റെ നടപടിക്കെതിരേ ഹൈക്കമാന്‍ഡിന് അപ്പീല്‍ നല്‍കുമെന്ന് അമിത് ജോഗി പറഞ്ഞു. തനിക്കും തന്റെ പുത്രനുമെതിരേ നടത്തുന്ന ഗൂഢാലോചനയാണു ശബ്ദരേഖയ്ക്കു പിന്നിലുള്ളതെന്നും ബിലാസ്പൂരിലെ സിവില്‍ ലൈന്‍സ് പോലിസ് സ്‌റ്റേഷനില്‍ പത്രത്തിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും അജിത് ജോഗി അറിയിച്ചു.ടേപ്പിനെ കുറിച്ചന്വേഷിക്കാ ന്‍ ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപെട്ടിരുന്നു. വ്യാഴാഴ്ചയ്ക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് രമണ്‍സിങിനെ പിരിച്ചുവിടണമെന്നും സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it