അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല: മാണി

കോട്ടയം: രാജ്യം ഭരിക്കുന്ന ഒരു ദേശീയപാര്‍ട്ടിയുടെ അധ്യക്ഷനുമായി സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് കെ എം മാണി. വ്യാഴാഴ്ച കോട്ടയത്ത് എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷനെ സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കണ്ടതുകൊണ്ട് ഒരു കുഴപ്പമില്ല. അത് വലിയ സംഭവവുമല്ല. അമിത്ഷായെ കാണാന്‍ ക്ഷണിച്ചിട്ടില്ലെന്നും പോവുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ എടുക്കാച്ചരക്കാണെന്ന പ്രയോഗം പഴഞ്ചരക്കാണ്. പിണറായി വിജയന്റെ വാക്കുകള്‍ക്ക് വിലയില്ല. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള സോളാര്‍ അടക്കമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ല. ഭരണത്തില്‍ യുഡിഎഫ് തിരിച്ചുവരും. കെ എം മാണി അടഞ്ഞ അധ്യായമല്ല. മന്ത്രിസഭയിലേക്ക് കയറുന്നത് വലിയ കാര്യവുമല്ല. കുറേക്കാലം മന്ത്രിയായിരുന്നിട്ടുണ്ട്. അതിനാല്‍ മന്ത്രിസഭയിലേക്ക് കയറാന്‍ പ്രത്യേക ഭ്രമമോ ധൃതിയോ ഇല്ല. ജോസ് കെ മാണിയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് റബര്‍ ഇറക്കുമതി നിരോധനം ഒരുവര്‍ഷത്തേയ്ക്ക് നീട്ടിയ ബിജെപി സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. റബര്‍ വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം. വ്യവസായികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന റബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കണം. യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇറക്കുമതിയുണ്ടായിട്ടുണ്ട്. അന്നും ഇന്നും ഇതിനെതിരേ ശബ്ദമുയര്‍ത്തിയത് കേരള കോണ്‍ഗ്രസ് മാത്രമാണ്. കേരള കോണ്‍ഗ്രസ് നിരാഹാരസമരം പ്രഖ്യാപിച്ചശേഷമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രംഗത്തിറങ്ങിയത്. റബര്‍ വിഷയം പരിഹരിക്കാന്‍ നടത്തുന്ന എല്ലാ യജ്ഞങ്ങള്‍ക്കും പാര്‍ട്ടിയുടെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it