Editorial

അമിത്ഷായുടെ മുഖംമിനുക്കല്‍ നീക്കം

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ നാലു പ്രമുഖ ബിജെപി നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ വിളിച്ചുവരുത്തി ശാസിച്ചതായി പാര്‍ട്ടി വക്താക്കള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. പ്രസ്താവനകളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അമിത്ഷായുടെ നീക്കമെന്നും കേള്‍ക്കുന്നു. സമീപകാലത്ത് സംഘപരിവാര നേതൃത്വവും അണികളും  നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും പ്രസ്താവനകളും എല്ലാ സീമകളും ലംഘിക്കുകയുണ്ടായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഗോമാംസം കഴിച്ചെന്ന പേരില്‍ പാവപ്പെട്ട കുടുംബനാഥനെ തല്ലിക്കൊന്നതും ജമ്മുകശ്മീര്‍ നിയമസഭയില്‍ ഒരു എംഎല്‍എയെ അടിച്ച് അവശനാക്കിയതും ഉള്‍പ്പെടെയുള്ള ഭീകരസംഭവങ്ങള്‍ ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തില്‍ തന്നെ വികൃതമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു എന്ന കാര്യത്തിലും സംശയമില്ല. നരേന്ദ്ര മോദി എത്ര തവണ ഉടുപ്പുമാറ്റിയാലും അദ്ദേഹത്തിന്റെ മുഖത്തെ ചളി നീക്കംചെയ്യുകയെന്നത് ക്ഷിപ്രസാധ്യമല്ല എന്നു തീര്‍ച്ച. മോദിയുടെ വികസന അജണ്ടയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയും പാരയും വരുന്നത് സ്വന്തം ക്യാംപില്‍ നിന്നു തന്നെയാണ്. സംഘപരിവാരത്തിന്റെ ഭ്രാന്തമായ ജല്‍പ്പനങ്ങളെ കര്‍ശനമായി പ്രതിരോധിച്ചുകൊണ്ടല്ലാതെ ഒരു ഭരണകൂടത്തിനും മുമ്പോട്ടുപോവുക സാധ്യമല്ല. എന്നാല്‍, അമിത്ഷായുടെ താക്കീതും നടപടികളും ആത്മാര്‍ഥതയുള്ളതാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

സമീപകാല രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെയും പ്രകോപനത്തിന്റെയും സമീപനം സ്വീകരിച്ചതും അതുകൊണ്ട് നേട്ടംകൊയ്തതും അമിത്ഷായും നരേന്ദ്ര മോദിയും അടക്കമുള്ള ബിജെപി നേതൃത്വമാണ്. വര്‍ഗീയതയെ താലോലിച്ചും ന്യൂനപക്ഷങ്ങളെ സംബന്ധിച്ച അകാരണമായ ഭീതിപരത്തിയുമാണ് അവര്‍ അധികാരത്തിലേക്കുള്ള തങ്ങളുടെ പാത ഉറപ്പിച്ചത്. അതു തെറ്റായ നടപടിയായിരുന്നു എന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായെങ്കില്‍ തങ്ങളുടെ തെറ്റുകള്‍ തുറന്നുസമ്മതിച്ചുകൊണ്ടാണ് അവര്‍ ഒരു തിരുത്തലിനു തയ്യാറാവേണ്ടത്. രാജ്യത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തില്‍ അത്തരം തിരുത്തലുകള്‍ അനിവാര്യമാണ്. ജനങ്ങളെ വിഭജിച്ചും തമ്മിലടിപ്പിച്ചുംകൊണ്ടുള്ള ഒരു രാഷ്ട്രീയതന്ത്രവും സമൂഹത്തിനു പ്രയോജനം ചെയ്യുകയില്ല.  ബിഹാറില്‍ തിരഞ്ഞെടുപ്പ് രംഗത്ത് ബിജെപി പിന്തള്ളപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് അമിത്ഷായുടെ നടപടി വരുന്നത്. യുപിയില്‍ വിജയകരമായി പയറ്റിയ വര്‍ഗീയതയുടെ തന്ത്രം ബിഹാറില്‍ വിലപ്പോവുന്നില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാവാം നല്ലപിള്ള ചമയാനുള്ള ബിജെപി നേതാവിന്റെ പുതിയ നീക്കം.

ബിഹാറില്‍ ബിജെപിയെ എതിര്‍ക്കുന്ന ജനതാദള്‍ സഖ്യം ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് പൊതുവില്‍ വിലയിരുത്തലുണ്ട്. മോദിയെ കേന്ദ്രീകരിച്ച പ്രചാരണം പാര്‍ട്ടി ഉപേക്ഷിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ വികൃതമായ മുഖം മിനുക്കിയെടുക്കാനുള്ള ഒരു താല്‍ക്കാലിക തന്ത്രം മാത്രമായേ അമിത്ഷായുടെ ഇപ്പോഴത്തെ നടപടിയെ കാണാന്‍ സാധിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it