malappuram local

അമയംകോടില്‍ ഇനി കുട്ടികള്‍ ശീതീകരിച്ച മുറിയിലിരുന്ന് പഠിക്കും

മഞ്ചേരി: പയ്യനാട് അമയംകോട് അങ്കണവാടിയിലെ കുട്ടികള്‍ ഇനി ശീതീകരിച്ച മുറിയിലിരുന്ന് കളിച്ചുല്ലസിച്ച് പഠിക്കും. കടുത്ത വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് അസ്വസ്ഥരാവുന്ന ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിരു നല്‍കി മാതൃകയാവുകയാണ് അമയംകോട് അങ്കണവാടി രക്ഷാകര്‍തൃ സമിതിയും നാട്ടുകാരും.
നാട്ടുകാര്‍ സഹകരിച്ച് അങ്കണവാടി എയര്‍കണ്ടീഷന്‍ ചെയ്തതോടൊപ്പം ആധുനികവല്‍ക്കരണ പ്രക്രിയക്കുകൂടി തുടക്കം കുറിച്ചിട്ടുണ്ട്. കൂലിത്തൊഴിലാളികളും സാധാരണക്കാരും അധിവസിക്കുന്ന പയ്യനാട് ഗ്രാമത്തിലെ കുട്ടികളാണ് അമയംകോട് അങ്കണവാടിയില്‍ എത്തുന്നത്.
വന്‍തുക ഫീസ് നല്‍കി ഇംഗ്ലീഷ് മീഡിയം മോണ്ടിസോറി, കിന്റര്‍ ഗാര്‍ട്ടന്‍ എന്നിവയില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും സാമ്പത്തിക ശേഷി ഉള്ളവര്‍ക്കും ഒരു പോലെ ആധുനിക അങ്കണവാടിയില്‍ അധ്യായനവും ഉല്ലാസവും ഒരുക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.
വന്‍ നഗരങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങളോട് കിടപിടിക്കത്തക്ക വിധത്തില്‍ പ്രദേശത്തെ ആധുനികവല്‍ക്കരിക്കാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ ഐസിഡിഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി എയര്‍കണ്ടീഷന്‍ ചെയ്തത്. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ഐസിഡിഎസ് മലപ്പുറം അര്‍ബണ്‍ സിഡിപിഒ മേരിജോണ്‍ എസി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.
മെയ് 26ന് നടക്കുന്ന അങ്കണവാടി വാര്‍ഷികാഘോഷത്തോടൊപ്പം ഡിജിറ്റല്‍ റഫറല്‍ ലൈബ്രറിയും ഒരുക്കും. കൗമാരക്കാര്‍ക്കുള്ള മോട്ടിവേഷന്‍ പരിപാടികളും വിഭാവന ചെയ്തിട്ടുണ്ട്. കംപ്യൂട്ടര്‍ വല്‍ക്കരണമാണ് അടുത്തപടി. സാധാരണ അങ്കണവാടി വാര്‍ഷികങ്ങളില്‍ നിന്ന് വ്യതസ്തമാണ് ഇവിടുത്തേത്. കുട്ടികള്‍ പരിപാടി അവതരിപ്പിക്കുകയും രക്ഷിതാക്കള്‍ കാഴ്ച്ചക്കാരാവുകയും ചെയ്യുന്ന പതിവ് രീതിയില്‍ നിന്ന് മാറി രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടുകൂടി നാടിന്റെ ഉല്‍സവമാണ് ഇവിടെ നടക്കാറ്. ചോദ്യോത്തരം, ലക്കി ഫാമിലി, ലക്കി ഗേള്‍, ലക്കിബോയ്, ചെത്ത് ബ്രോ,അമിഗോസ് ടീനേജര്‍, സീനിയര്‍ സിറ്റിസണ്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും വിജ്ഞാന പ്രദവും കുസൃതി നിറഞ്ഞതുമായ ചോദ്യങ്ങളിലൂടെ വിജയികളെ കണ്ടെത്തലും ആദരിക്കലും കഴിഞ്ഞ മൂന്നുവര്‍ഷമായി വാര്‍ഷികത്തിന്റെ ഭാഗമായി നടന്നുവരുന്നുണ്ട്.
മൈന്റ് സ്‌റ്റോമിങ് പ്രോഗ്രാം, അമ്മമാര്‍ക്കുള്ള പ്രത്യേക ഗിഫ്റ്റ് വിതരണം എന്നിവയും നടക്കും. സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കി പ്രദേശത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാനുള്ള എളിയ ശ്രമമാണ് ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയിലൂടെ നടക്കുന്നത്. തലമുറകളെ പുരോഗതിയിലേക്ക് കൈപിടിച്ച് നടത്താനുതകുന്ന ഈ സല്‍ പ്രവര്‍ത്തി അയല്‍ പ്രദേശത്തുകാര്‍ക്ക് പ്രചേദനമാകുമെന്നും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അങ്കണവാടി രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ അബ്ബാസ്, സെക്രട്ടറി റസാഖ് മഞ്ചേരി, ഖജാഞ്ചി ടി പി മുനീര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ റഹീം, അധ്യാപിക ശ്രീവള്ളി, സമിതി അഗം കണ്ണിയന്‍ അബുബക്കര്‍, കെ ടി ജാഫര്‍, കെ ഫൈസല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it