അഭ്രപാളിയില്‍ മനോഹാരിത വിരിയിച്ച കുട്ടന്‍ ഇനി ദീപ്തസ്മരണ

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: സിനിമയോടായിരുന്നു ചെറുപ്പം മുതലേ ആനന്ദക്കുട്ടന് അഭിനിവേശം. കുട്ടിക്കാലത്ത് സമ്മാനമായി ക്ലിക്ക് ത്രീ കാമറ കൈയില്‍ കിട്ടിയപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കൗമാരക്കാരനായ ആനന്ദക്കുട്ടന് ക്യാമറക്കാഴ്ചകളോടുള്ള പ്രണയം. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ സ്‌കൂളിനടുത്തു കൂടെ കടന്നുപോയ ഒരു വിലാപയാത്ര ആനന്ദക്കുട്ടന്‍ തന്റെ കാമറയില്‍ പകര്‍ത്തി. ആ ക്ലിക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.
ഏറെ വാര്‍ത്താ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്ന ആ ചിത്രം കണ്ട് ഇഷ്ടപ്പെട്ട നിരവധിപേര്‍ ആ കൊച്ചു ഫോട്ടോഗ്രാഫറെ മുക്തകണ്ഠം പ്രശംസിച്ചു. ചങ്ങനാശ്ശേരിയിലെ പ്രമുഖ സ്റ്റുഡിയോയില്‍ ഈ ഫോട്ടോ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. അവിചാരിതമായ ഈ സംഭവം ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ താല്‍പര്യം ജനിപ്പിച്ചു. പക്ഷേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ബിരുദം വേണമെന്നതിനാല്‍ ആ സ്വപ്‌നം മാറ്റിവച്ചു. പകരം സിനിമാ പ്രേമികളുടെ സ്വപ്‌നഭൂമിയായ മദ്രാസിലേക്ക് വണ്ടി കയറി. സഹോദരീ ഭര്‍ത്താവായ അപ്പുവിന്റെ നിര്‍ദേശ പ്രകാരമാണ് മദ്രാസിലെത്തിയത്. മദ്രാസിലെ വിജയ് വാഹിനി സ്റ്റുഡിയോയില്‍ കാമറ അപ്രന്റീസായി സിനിമാ കരിയറില്‍ തുടക്കം കുറിച്ചു. പതിയെപ്പതിയെ കാമറ അസിസ്റ്റന്റായും ഔട്ട്‌ഡോര്‍ കാമറ അസിസ്റ്റന്റായും ഉയര്‍ന്നു. പ്രശ്‌സത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവുമായി പരിചയത്തിലായ ആനന്ദക്കുട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യനായി.
1976ല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സില്‍ ഒരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയത്. 23കാരന്‍ പയ്യന്‍ സിനിമക്ക് കാമറ ചലിപ്പിക്കുന്നത് അന്ന് സിനിമാ ലോകത്തുള്ളവര്‍ അദ്ഭുതത്തോടെ നോക്കിക്കണ്ടു. ആനന്ദക്കുട്ടന്റെ കാമറക്കാഴ്ചകള്‍ മലയാളിയുടെ ഭാവുകത്വത്തേയും അഭിരുചികളേയും ഏറെ സ്വാധീനിച്ചു.
നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം കാമറ അതിദ്രുതം ചലിപ്പിച്ചു. ഫാസില്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, സിബി മലയില്‍, സിദ്ദിഖ് ലാല്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ഇഷ്ട ഛായാഗ്രാഹകന്‍ എന്ന ഖ്യാതിയും അദ്ദേഹത്തിന് മാത്രം സ്വന്തം. കാമറയെ സംബന്ധിച്ച് അക്കാദമിക്കായി ഒന്നും പഠിച്ചിരുന്നില്ലെങ്കിലും ഛായാഗ്രഹണത്തെപ്പറ്റി ആനന്ദക്കുട്ടനുള്ള അറിവ് അപ്ടുഡേറ്റായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ 300ലധികം ചിത്രങ്ങള്‍ ചെയ്ത ആനന്ദക്കുട്ടന്‍ മലയാള സിനിമയുടെ ഗതി തന്നെ നിര്‍ണയിച്ച കാമറാമാന്‍മാരില്‍ ഒരാളായിരുന്നു.
Next Story

RELATED STORIES

Share it