അഭിമുഖം നടത്തിയത് മുസ്‌ലിം ലേഖിക; സൂച്ചിക്ക് അനിഷ്ടം

ലണ്ടന്‍: മ്യാന്‍മറിലെ സ്വാതന്ത്ര്യസമരനായിക ഓങ്‌സാന്‍ സൂച്ചി മുസ്‌ലിം റിപോര്‍ട്ടര്‍ തന്നെ അഭിമുഖം നടത്തിയതിനെതിരേ പരാതിപ്പെട്ടിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. ഇന്‍ഡിപെന്‍ഡന്റ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ പോഫാം തയ്യാറാക്കിയ ജീവചരിത്രത്തിലാണു വിവരമുള്ളത്. ബിബിസിയുടെ ബ്രിട്ടിഷ്-പാകിസ്താനി അവതാരക മിഷാല്‍ ഹുസയ്ന്‍ തന്നെ അഭിമുഖം നടത്തിയതിനെതിരെയാണ് നൊബേല്‍ സമ്മാനജേതാവായ സൂച്ചി പരാതിപ്പെട്ടത്. 'ദ ലേഡി ആന്‍ഡ് ജനറല്‍സ്- ഓങ് സാന്‍ സൂച്ചി ആന്റ് ബര്‍മാസ് സ്ട്രഗിള്‍ ഫോര്‍ ഫ്രീഡം' എന്നാണു പുസ്തകത്തിന്റെ പേര്. 2013 ഒക്ടോബറിലാണു സംഭവം. അഭിമുഖം നടത്തുന്നത് ഒരു മുസ്‌ലിം ആണെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്നാണ് സൂച്ചിയുടെ വാദം. മ്യാന്‍മറില്‍ ന്യൂനപക്ഷമായ റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരേ സര്‍ക്കാരും ബുദ്ധമതക്കാരും നടത്തിവരുന്ന അതിക്രമങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു സൂച്ചിയുടെ പ്രതിഷേധം. രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കു മുസ്‌ലിംകളും ബുദ്ധമതക്കാരും ഒരേപോലെ കാരണക്കാരാണെന്നായിരുന്നു അവരുടെ പ്രതികരണം. വിശ്വസനീയമായ ഇടത്തുനിന്നാണു വിവരം ലഭിച്ചതെന്നും എഴുത്തുകാരന്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ബിബിസി സംഭവത്തോടു പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it