Editorial

അഭിഭാഷകര്‍ നിയമം കൈയിലെടുക്കുമ്പോള്‍

ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നാണ് ജുഡീഷ്യറി. രാജ്യത്ത് ഭരണഘടന ആദരിക്കപ്പെടുകയും നിയമവാഴ്ച നിലനില്‍ക്കുകയും ചെയ്യുന്നുവെന്നതിന് നീതിന്യായകോടതികളുടെ നിഷ്പക്ഷവും നീതിപൂര്‍വകവുമായ പ്രവര്‍ത്തനം പ്രത്യക്ഷ തെളിവാണ്. നിര്‍ഭയമായി കോടതികളില്‍ നീതിതേടുന്നതിന് കുറ്റാരോപിതര്‍ക്കും തങ്ങള്‍ പ്രതിനിധീകരിക്കുന്ന കക്ഷികള്‍ക്കുവേണ്ടി വാദമുഖങ്ങള്‍ നിരത്തുന്നതിന് അഭിഭാഷകര്‍ക്കും തെളിവുകളുടെ ബലാബലം മുന്‍നിര്‍ത്തി വിധി പ്രഖ്യാപിക്കുന്നതിന് ജഡ്ജിമാര്‍ക്കും അവസരവും സ്വാതന്ത്ര്യവും ലഭിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യസംവിധാനം ശരിയായ അര്‍ഥത്തില്‍ നിലനില്‍ക്കുന്നത്. ഈ മൂന്ന് അടിസ്ഥാന ഘടകങ്ങള്‍ക്കും നേരെ ഉയരുന്ന ഭീഷണിയും കൈയേറ്റങ്ങളും രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യസംവിധാനത്തിനും നേരെയുള്ള വെല്ലുവിളിയായി കണ്ട് അടിയന്തര ചികില്‍സ നല്‍കിയേ പറ്റൂ.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവങ്ങളും ഏറെ ഉല്‍ക്കണ്ഠയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും നേരെ അക്രമം നടന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കനയ്യ കുമാറിനെയും അഭിഭാഷകനെയും വീണ്ടും ആക്രമിച്ചു. സുപ്രിംകോടതി നിയമിച്ച അഭിഭാഷക കമ്മീഷന് നേരെപ്പോലും ആക്രമണമുണ്ടായി. ആദ്യദിവസത്തെ അക്രമസംഭവങ്ങള്‍ മുന്‍നിര്‍ത്തി സുപ്രിംകോടതി നല്‍കിയ സുരക്ഷാനിര്‍ദേശങ്ങള്‍ പോലും അവഗണിക്കപ്പെട്ടുവെന്നാണ് ബുധനാഴ്ച നടന്ന അക്രമങ്ങള്‍ വ്യക്തമാക്കുന്നത്.
അഭിഭാഷകരും അഭിഭാഷകവേഷമണിഞ്ഞവരുമായ സംഘപരിവാര അക്രമികളുടെ തേര്‍വാഴ്ചയാണ് കോടതിക്കകത്തും കോടതിവളപ്പിലും കണ്ടത്. അഭിഭാഷകരില്‍നിന്നുമുണ്ടായത് ഒറ്റപ്പെട്ട നീക്കമല്ല. സംഘപരിവാര അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് ഹുബ്ലിയിലും ജയ്പൂരിലും ലഖ്‌നോയിലും ചെന്നൈയിലും കോടതികള്‍ മുമ്പ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. നിയമവിദ്യാലയത്തില്‍നിന്നു ബിരുദമെടുത്തതും കറുത്ത കോട്ട് ധരിക്കുന്നതും താന്തോന്നിത്തം കാണിക്കുന്നതിന് ഒരു പൗരനും ലൈസന്‍സ് ആവുന്നില്ല. സര്‍ക്കാരിന്റെ തിണ്ണബലത്തിലാണ് ഈ അക്രമമെന്ന് വ്യക്തമായ ധാരണ ജനങ്ങള്‍ക്കുണ്ട്. മോദി ഭരണകൂടവും ഡല്‍ഹി പോലിസ് സേനയും ഈ അക്രമങ്ങള്‍ക്കെല്ലാം മൗനാനുവാദം നല്‍കുന്നതാണു കാണുന്നത്.
ഇന്ത്യാരാജ്യത്തെ ജനാധിപത്യസംവിധാനം എന്തു വിലകൊടുത്തും ഒരു പോറലും തട്ടാതെ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ വലിയൊരു സമൂഹം ഇതെല്ലാം കാണുന്നുണ്ടെന്ന ബോധം അക്രമികള്‍ക്ക് ഇല്ലെങ്കിലും അവരെ ചുടുചോറ് മാന്താന്‍ വിടുന്നവര്‍ക്ക് ഉണ്ടാവണം. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവരില്‍നിന്നു സംഭവിക്കുന്ന വീഴ്ച അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഭരണസംവിധാനങ്ങളും നിയമപാലകരും അക്രമികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണം. ഇല്ലെങ്കില്‍ അത് പൗരബോധമുള്ള സമൂഹത്തിന്റെ ബാധ്യതയായിമാറും.
Next Story

RELATED STORIES

Share it