അഭിപ്രായപ്രകടനവുമായി നേതാക്കള്‍ സര്‍വേകളില്‍: വലിയ കാര്യമില്ലെന്ന് വി എം സുധീരന്‍;  എക്‌സിറ്റ്‌പോളില്‍ വിശ്വാസമര്‍പ്പിച്ച് വിഎസ്

തിരുവനന്തപുരം: എക്‌സിറ്റ്‌പോള്‍ സര്‍വേഫലങ്ങളില്‍ അഭിപ്രായപ്രകടനവുമായി നേതാക്കള്‍. സര്‍വേകളില്‍ വലിയ കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു. വോട്ടെണ്ണിക്കഴിയുംവരെ ചിലര്‍ക്ക് തൃപ്തിയടയാം. യുഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാവും. കേന്ദ്രനേതാക്കള്‍ വരുന്നത് സിപിഎമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തീര്‍ക്കാനാണെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമാണ് വോട്ടെന്നും അത് കേരളീയര്‍ ശരിയായ വിധത്തില്‍ വിനിയോഗിച്ചുവെന്ന സൂചന നല്‍കുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ തിരിച്ചെത്തുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. 77 സീറ്റുവരെ നേടുമെന്നാണ് പോലിസ് ഇന്റലിജന്‍സ് റിപോര്‍ട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ലീഗിന് ഒരുപക്ഷേ നഷ്ടമാവുക ഒരുസീറ്റ് മാത്രമായിരിക്കും. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും തങ്കച്ചന്‍ പറഞ്ഞു.
എക്‌സിറ്റ് പോളുകളുടെ ആയുസ്സ് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രമേയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പ്രതികരിച്ചു. ജനങ്ങളുടെ സര്‍വേയുടെ ഫലം 19നറിയാമെന്ന് കെ എം മാണി പ്രതികരിച്ചു. എക്‌സിറ്റ്‌പോളുകള്‍ തെറ്റുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചൂണ്ടിക്കാട്ടി. ഏതെങ്കിലും എക്‌സിറ്റ്‌പോള്‍ ശരിയാവാറുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പ്രതികരിച്ചു.
Next Story

RELATED STORIES

Share it