അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞ് 30 മരണം; 562 യാത്രികരെ രക്ഷപ്പെടുത്തിയതായി ഇറ്റലി

ട്രിപോളി/റോം: ലിബിയന്‍ തീരത്തിനു സമീപം അഭയാര്‍ഥികളുമായി യാത്രതിരിച്ച രണ്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്ന രണ്ട് അപകടങ്ങളിലുമായി മുപ്പതിലധികം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നൂറുകണക്കിനു യാത്രക്കാരായിരുന്നു രണ്ട് അഭയാര്‍ഥി ബോട്ടുകളിലുമുണ്ടായിരുന്നത്.
ബോട്ടുകളിലൊന്നിലെ യാത്രക്കാരില്‍ 30ഓളം പേര്‍ മരിച്ചെന്നു സംശയിക്കുന്നതായും 50ഓളം പേരെ രക്ഷിച്ചതായും യൂറോപ്യന്‍ യൂനിയന്‍ നാവികവിഭാഗം അറിയിച്ചു. മരിച്ചവരുടെ എണ്ണം 20നും 30നും ഇടയിലായി ഉയര്‍ന്നിട്ടുണ്ടാവാമെന്ന് യൂറോപ്യന്‍ യൂനിയന്‍ സൈനിക വക്താവ് ക്യാപ്റ്റന്‍ അന്റൊണെല്ലോ ഡെ റെന്‍സിസ് സോന്നിനോ പറഞ്ഞു.
അതേസമയം ബോട്ടിലുണ്ടായിരുന്ന 562 യാത്രികരെ രക്ഷപ്പെടുത്തിയതായും അഞ്ചുപേര്‍ മരിച്ചതായും ഇറ്റാലിയന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. താങ്ങാവുന്നതിലധികം യാത്രക്കാരെ വഹിച്ച മല്‍സ്യബന്ധനബോട്ട് കടലില്‍ മറിഞ്ഞുപോവുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ബോട്ടിന്റെയും യാത്രക്കാരുടെയും ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ നാവികസേന പുറത്തുവിട്ടു. അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നാവികസേനയുടെ പട്രോളിങ് ബോട്ട് ബെറ്റിക്ക സ്ഥലത്തെത്തിയതിനാലാണു യാത്രികരെ രക്ഷിക്കാനായത്.
ബെറ്റിക്കയില്‍ നിന്ന് ലൈഫ് ജാക്കറ്റുകള്‍ എറിഞ്ഞുകൊടുത്തു. സമീപത്തെത്തിയ നാവിക സേനാ കപ്പലിലെ സുരക്ഷാ ബോട്ടുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. ലിബിയയില്‍ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. യൂറോപ്പിലേക്കു കടക്കുന്നതിനിടെ ബോട്ട് മുങ്ങി ഈ വര്‍ഷം 1370ലധികം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it