അഭയാര്‍ഥി പ്രവാഹം; കുടിയേറ്റ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും

ബ്രസ്സല്‍സ്: ബാല്‍ക്കന്‍ രാജ്യങ്ങളിലൂടെയുള്ള അഭയാര്‍ഥി പ്രവാഹം കൈകാര്യം ചെയ്യുന്നതിന് 17ഇന പദ്ധതിക്ക് ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍, ബാല്‍ക്കന്‍ രാജ്യങ്ങളിലെ നേതാക്കളുടെ അടിയന്തര ഉച്ചകോടിയില്‍ ധാരണയായി.
ഇതുപ്രകാരം ഗ്രീസ് മുതല്‍ ജര്‍മനി വരെയുള്ള അഭയാര്‍ഥി പാതയില്‍ ലക്ഷം പേര്‍ക്കുകൂടി താമസ സൗകര്യമൊരുക്കാന്‍ യൂറോപ്യന്‍ യൂനിയനിലെ 11 അംഗരാജ്യങ്ങളിലെയും മൂന്നു യൂറോപ്യന്‍ യൂനിയനേതര രാജ്യങ്ങളിലെയും നേതാക്കള്‍ സംബന്ധിച്ച ഉച്ചകോടിയില്‍ തീരുമാനമായി.
പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സി സഹായിക്കും. 50,000 പേര്‍ക്ക് ഗ്രീസിലും 50,000 പേര്‍ക്കു ബാല്‍ക്കന്‍ രാജ്യങ്ങളായ മാസിഡോണിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലും താമസസൗകര്യം ഒരുക്കുമെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാന്‍ ക്ലോഡ് ജംഗര്‍ പറഞ്ഞു. 9,000 അഭയാര്‍ഥികളാണ് കഴിഞ്ഞ ആഴ്ച മുതല്‍ ദിനംപ്രതി ഗ്രീസ് തീരത്തെത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അഭയാര്‍ഥി നിരക്കാണിത്.
അതിര്‍ത്തി പരിശോധന ശക്തമാക്കാനും അഭയം നല്‍കണോ സ്വദേശത്തേക്കു തിരിച്ചയക്കണോ എന്നു തീരുമാനിക്കുന്നതിനും മുമ്പ് വിരലടയാളം ഉള്‍പ്പെടെയുള്ളവ ശേഖരിക്കാനും അഭയാര്‍ഥികളെ നിരീക്ഷിക്കാനും ഉച്ചകോടിയില്‍ ധാരണയിലെത്തി.
കൂടാതെ ഒരാഴ്ചയ്ക്കകം അഭയാര്‍ഥി പ്രവാഹം ശക്തമായ സ്ലോേവനിയയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനു 400 പോലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനമായി. അഭയാര്‍ഥി പ്രവാഹം പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കും. ഇവര്‍ അഭയാര്‍ഥികളുടെ എണ്ണം സംബന്ധിച്ചു മറ്റു രാജ്യങ്ങള്‍ക്കും അധികൃതര്‍ക്കും വിവരം കൈമാറുമെന്നും ഴാന്‍ ക്ലോഡ് ജംഗര്‍ പറഞ്ഞു. അതേസമയം, അഭയാര്‍ഥികളുടെയും അഭയാപേക്ഷ സമര്‍പ്പിച്ചവരുടെയും എണ്ണം രാജ്യത്തിനു താങ്ങാവുന്നതിനും അപ്പുറമായിരിക്കുന്നുവെങ്കിലും സ്ലോവേനിയ മാനുഷികപരിഗണന കൈവിടാതെ അവരോട് ഐക്യദാര്‍ഢ്യപ്പെടുമെന്നു അറിയിച്ചു.
ഒക്ടോബര്‍ 17നു ശേഷം 62,000 അഭയാര്‍ഥികളാണ് സ്ലോവേനിയയില്‍ എത്തിയിട്ടുള്ളത്. അതിനുപുറമെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കാത്തുകിടക്കുന്ന 14,000 പേരും അഭയം തേടുന്നുണ്ട്.
Next Story

RELATED STORIES

Share it