അഭയാര്‍ഥി പ്രതിസന്ധി; സിറിയയില്‍ സുരക്ഷിത മേഖലകള്‍ സ്ഥാപിക്കണം: ആന്‍ജെല മെര്‍ക്കല്‍

അങ്കറ: അഭയാര്‍ഥികള്‍ക്കു സിറിയയില്‍ തന്നെ സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍. ജന്‍മനാടിനു തൊട്ടടുത്താവുമ്പോള്‍ അവര്‍ക്കു കൂടുതല്‍ ജീവിതസാധ്യതകളുണ്ടാവുമെന്നും തുര്‍ക്കി സന്ദര്‍ശനത്തിനിടെ ഗാസിയാന്‍തെപ് നഗരത്തിലെ സര്‍വകലാശാലയില്‍ സംസാരിക്കവേ മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.
സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അവിടം വെടിനിര്‍ത്തല്‍ കരാറിനു കീഴില്‍ കൊണ്ടുവരികയും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്ന നിര്‍ദേശമാണു മെര്‍ക്കല്‍ മുന്നോട്ടുവച്ചത്. മറ്റു രാജ്യങ്ങളിലേക്കു പോവുന്നതിനു പകരം ഇത്തരം കേന്ദ്രങ്ങളില്‍ യുദ്ധബാധിത മേഖലയില്‍നിന്നുള്ളവര്‍ക്ക് അഭയമൊരുക്കാമെന്നും അവര്‍ വ്യക്തമാക്കി. നിയമവിരുദ്ധ കുടിയേറ്റം തടയുക എന്നതു മാത്രമല്ല അഭയാര്‍ഥികള്‍ക്ക് അവരുടെ ജന്‍മനാടിനടുത്തുതന്നെയുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കുക എന്നതുകൂടി ലക്ഷ്യമിടണം എന്നും മെര്‍ക്കല്‍ പറഞ്ഞു.
എന്നാല്‍, യുഎന്നും വിവിധ മനുഷ്യാവകാശ സംഘടനകളും ഇത്തരം നിര്‍ദേശങ്ങളെ എതിര്‍ക്കുകയാണ്. അഭയാര്‍ഥികള്‍ സിറിയയില്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുനല്‍കാനാവാത്ത സാഹചര്യത്തില്‍ ഈ നിര്‍ദേശം പ്രാബല്യത്തിലാക്കാനാവില്ലെന്ന് യുഎന്‍ പ്രതികരിച്ചു.
സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുര്‍ക്കിയിലെ നിസിപ് അഭയാര്‍ഥി ക്യാംപ് മെര്‍ക്കലും യൂറോപ്യന്‍ യൂനിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. നേരത്തേ 27 ലക്ഷത്തോളം അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഫെബ്രുവരി അവസാനം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ ആയിരക്കണക്കിനു പേര്‍ സിറിയ വിടാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. തുര്‍ക്കിയിലേക്ക് കടക്കാന്‍ അനുവാദമില്ലാത്തതിനാല്‍ സിറിയയിലെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്യാംപുകളിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.
Next Story

RELATED STORIES

Share it