അഭയാര്‍ഥി പ്രതിസന്ധി; യൂറോപ്യന്‍ യൂനിയന്‍ അടിയന്തരയോഗം ചേരുന്നു

ബ്രസ്സല്‍സ്: അഭയാര്‍ഥി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മധ്യ യൂറോപ്യന്‍ രാജ്യങ്ങളിലെയും ബാല്‍ക്കന്‍ രാജ്യങ്ങളിലെയും നേതാക്കള്‍ അടിയന്തരയോഗം ചേരുന്നു.
അയല്‍രാജ്യങ്ങളുടെ അനുമതിയില്ലാതെ അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നത് രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നതായിരിക്കും ചര്‍ച്ചയുടെ പ്രധാനവിഷയം.
ചര്‍ച്ചയുടെ കരടുരേഖ പുറത്തായിട്ടുണ്ട്. ഗ്രീക്ക് അതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കാനും സ്ലോവേനിയയിലേക്കു കൂടുതല്‍ സുരക്ഷാസൈനികരെ അയക്കുന്നതും പരിഗണനയിലുണ്ട്. അഭയാര്‍ഥിപ്രവാഹം മൂലം ബാല്‍ക്കന്‍ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ ഗതാഗതസ്തംഭനമുണ്ടാവുകയും ആയിരക്കണക്കിനാളുകള്‍ മോശം കാലാവസ്ഥയില്‍ രാത്രികള്‍ ചെലവഴിക്കേണ്ടതായും വരുന്നുണ്ട്. യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജംഗറാണ് അടിയന്തരയോഗത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അഭയാര്‍ഥികളെ ബാല്‍ക്കന്‍ രാജ്യങ്ങളിലെ തണുത്ത പ്രദേശങ്ങളില്‍ ദയനീയമായ സാഹചര്യത്തില്‍ കാണേണ്ടിവരുമെന്ന് ജംഗര്‍ പറഞ്ഞു. ഓസ്ട്രിയ, ഹംഗറി, ബള്‍ഗേറിയ, ക്രൊയേഷ്യ, മാസിഡോണിയ, ജര്‍മനി, ഗ്രീസ്, റുമാനിയ, സെര്‍ബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
അതിനിടെ പ്രതിസന്ധി തരണം ചെയ്യാന്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്നു ബാല്‍ക്കന്‍ രാജ്യങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it