അഭയാര്‍ഥി പ്രതിസന്ധി: യൂറോപ്യന്‍ യൂനിയന്റെ നിര്‍ണായക ചര്‍ച്ചയ്ക്കു തുടക്കം

ബ്രസ്സല്‍സ്: അഭയാര്‍ഥി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിച്ചു. അതിനിടെ ബാല്‍ക്കന്‍ രാജ്യങ്ങളിലെ പ്രധാനപ്പെട്ട അതിര്‍ത്തികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളും രൂക്ഷമായി. പ്രധാനവഴികള്‍ അടയ്ക്കുന്ന കാര്യം പ്രഖ്യാപിക്കുന്നതായി കരട് വിജ്ഞാപനം ഇറക്കിയെങ്കിലും ജര്‍മന്‍ സര്‍ക്കാര്‍ ഇത് തള്ളിക്കളഞ്ഞു.
ഗ്രീസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തുര്‍ക്കിയുമായി കൂടിയാലോചിച്ച് അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്ന കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും അതിര്‍ത്തിയടയ്ക്കുകയല്ല വേണ്ടതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തുര്‍ക്കിയും പങ്കെടുക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനരാജ്യങ്ങളിലൊന്നാണ് തുര്‍ക്കിയും. 3300 കോടി ഡോളര്‍ പ്രതിഫലമായി സ്വീകരിച്ച് അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്ന് ഇയു തുര്‍ക്കിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും.
കഴിഞ്ഞ വര്‍ഷം പത്തുലക്ഷത്തിലധികം അഭയാര്‍ഥികളാണ് കടല്‍ മാര്‍ഗം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പ്രവേശിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും തുര്‍ക്കിയില്‍ നിന്നു കടല്‍ മാര്‍ഗം ഗ്രീസിലെത്തിയവരാണ്. ഗ്രീസില്‍ നിന്നുമാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികള്‍ പ്രവേശിക്കുന്നത്. എട്ടു രാജ്യങ്ങള്‍ താല്‍ക്കാലികമായി അതിര്‍ത്തിയില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. മാസിഡോണിയ, ക്രൊയേഷ്യ, ഹംഗറി, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതോടെ 13,000ത്തോളം പേര്‍ ഗ്രീസില്‍ കുടുങ്ങിയിരിക്കുകയാണ്. തുര്‍ക്കിയില്‍ നിന്നു ഗ്രീസിലേക്ക് വരുകയായിരുന്ന 25 അഭയാര്‍ഥികള്‍ ബോട്ട് അപകടത്തില്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it