അഭയാര്‍ഥി പ്രതിസന്ധി: ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ തുര്‍ക്കിയില്‍

അങ്കാറ: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നു.
ഹലബില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ പ്രാണരക്ഷാര്‍ഥം രക്ഷപ്പെട്ട ആയിരക്കണക്കിന് അഭയാര്‍ഥികള്‍ തുര്‍ക്കി അതിര്‍ത്തിയായ കിലിസില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തിലധികം പേര്‍ക്ക് ജര്‍മനിയില്‍ അഭയം നല്‍കിയിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്ലുമായും മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് പകരമായി യൂറോപ്യന്‍ യൂനിയന്‍ 300 കോടി ഡോളറിന്റെ ധനസഹായം തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, അതിര്‍ത്തി തുറ—ക്കാനുള്ള യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ ആവശ്യം തുര്‍ക്കി നിരാകരിച്ചു. നിലവില്‍ 25 ലക്ഷത്തിലധികം സിറിയക്കാര്‍ക്ക് തുര്‍ക്കി അഭയം നല്‍കുന്നുണ്ട്.
അതിനിടെ, അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി സന്നദ്ധപ്രവര്‍ത്തകര്‍ കൂടാരങ്ങളും ഭക്ഷണ സാമഗ്രികളും വിതരണം ചെയ്തു. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ ഹലബില്‍ വ്യക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.
തുര്‍ക്കി അതിര്‍ത്തിയില്‍ കാത്തുകെട്ടിക്കിടക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Next Story

RELATED STORIES

Share it