അഭയാര്‍ഥി പ്രതിസന്ധി: ഇയു-തുര്‍ക്കി ധാരണ

ബ്രസ്സല്‍സ്: യൂറോപ്പിലേക്കുള്ള അനിയന്ത്രിത അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാര്‍ഗനിര്‍ദേശങ്ങളില്‍ തുര്‍ക്കി-യൂറോപ്യന്‍ യൂനിയന്‍ ധാരണ. യൂറോപ്പിലേക്കുള്ള അനിയന്ത്രിത കുടിയേറ്റത്തിന്റെ ദിനങ്ങള്‍ അവസാനിച്ചുവെന്നും ഇക്കാര്യത്തില്‍ നേതാക്കള്‍ 'വഴിത്തിരിവില്‍' എത്തിച്ചേര്‍ന്നെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പ്രസ്താവനയില്‍ അറിയിച്ചു. ബ്രസ്സല്‍സില്‍ ചേര്‍ന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ടസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.
അപകടം പതിയിരിക്കുന്ന ഈജിയന്‍ കടലിലൂടെയുള്ള അഭയാര്‍ഥി യാത്ര നിരീക്ഷിക്കുന്നതിന് നിലവില്‍ നല്‍കാമെന്നേറ്റ 330 കോടി ഡോളറിനു പുറമെ 330 കോടി ഡോളര്‍ കൂടി തുര്‍ക്കി ആവശ്യപ്പെട്ടു. മാര്‍ച്ച് 17, 18 തിയ്യതികളിലെ നിര്‍ണായക യൂറോപ്യന്‍ സമിതി ഉച്ചകോടി ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. വാഗ്ദാനം ചെയ്ത 330 കോടി 2018നകം തുര്‍ക്കിക്ക് ലഭ്യമാക്കും.
ഗ്രീക്ക് ദ്വീപുകളിലേക്കുള്ള അഭയാര്‍ഥികളുടെ അനധികൃത കുടിയേറ്റം തടയാനും പകരം തുര്‍ക്കിയില്‍നിന്നു നേരിട്ട് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാനും ധാരണയായി. തുര്‍ക്കി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ സ്വാഗതം ചെയ്തു.
ജൂണ്‍ മുതല്‍ തുര്‍ക്കി പൗരന്‍മാര്‍ക്ക് വിസയില്ലാതെ യാത്ര അനുവദിക്കുക, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍നിന്നും ഒരു അഭയാര്‍ഥി തുര്‍ക്കിയിലേക്ക് മടങ്ങുമ്പോള്‍ അയാള്‍ക്കു പകരം തുര്‍ക്കിയില്‍നിന്ന് ഒരു സിറിയന്‍ അഭയാര്‍ഥിയെ യൂനിയന്‍ സ്വീകരിക്കുക എന്നീ നിര്‍ദേശങ്ങളും തുര്‍ക്കി മുന്നോട്ടുവച്ചതായി തുര്‍ക്കി പ്രസിഡന്റിന്റെ ഓഫിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതോടെ, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, അഫ്ഗാന്‍ എന്നിവിടങ്ങളില്‍നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് ഒരു പരിധിവരെ തടയിടാനും. നിലവില്‍ 20 ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി അഭയം നല്‍കിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലല്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും.
Next Story

RELATED STORIES

Share it