World

അഭയാര്‍ഥി ക്യാംപില്‍ റെയ്ഡ്; മൂന്നു ഫലസ്തീനികള്‍ക്ക് പരിക്ക്

ജറുസേലം: വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യവുമായും കുടിയേറ്റക്കാരുമായും ഏറ്റുമുട്ടി. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി ഇസ്രായേല്‍ സൈന്യം കര്‍ക്കശ നടപടികള്‍ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടല്‍. നബുലുസിലെ യൂസഫ് നബിയുടെ മഖ്ബറയ്ക്കു സമീപം ഫലസ്തീനികളും ജൂത കുടിയേറ്റക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെ ഖലാന്തിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തി. പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനെന്ന പേരില്‍ കിഴക്കന്‍ അധിനിവിഷ്ട ഖുദ്‌സിലും റാമല്ലയിലുമായി സ്ഥിതിചെയ്യുന്ന ക്യാംപില്‍ ഇന്നലെ പുലര്‍ച്ചെയോടെ റെയ്ഡിനെത്തിയ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു ഫലസ്തീനികള്‍ക്കു ഗുരുതര പരിക്കേറ്റു. സൈന്യത്തെ യുവാക്കള്‍ തടഞ്ഞതോടെയാണ് സൈന്യം വെടിയുതിര്‍ത്തത്.

നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.  അതിനിടെ, നബുലുസില്‍നിന്നു ജൂതകുടിയേറ്റക്കാരെ സൈന്യം ഒഴിപ്പിച്ചു. ശനിയാഴ്ച വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ഒരു വനിതയടക്കം അഞ്ചു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.  ഇതോടെ ആക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 43 ആയി. ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ മറ്റൊരു ഇന്‍തിഫാദയിലേക്കു നയിച്ചേക്കാമെന്ന് ഫലസ്തീനിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മേഖലയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ലെന്നു യുഎന്‍ അംബാസഡര്‍ ഡാനി ഡാനോന്‍ കുറ്റപ്പെടുത്തി. അതിനിടെ, മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച അടുത്താഴ്ച യൂറോപ്പില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യുഎന്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, മസ്ജിദുല്‍ അഖ്‌സയില്‍ യുഎന്‍ സൈന്യം വേണ്ടെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
Next Story

RELATED STORIES

Share it