അഭയാര്‍ഥി കരാര്‍: മെര്‍ക്കല്‍ തുര്‍ക്കിയില്‍

ബെര്‍ലിന്‍: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി കുത്തൊഴുക്ക് കുറയ്ക്കുന്നതിനായി തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള കരാറിലെ അപാകതകളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍ ഇന്നലെ തുര്‍ക്കിയിലെത്തി. ഗാസിയാദെപിനടുത്തുള്ള അഭയാര്‍ഥി ക്യാമ്പ് മെര്‍ക്കല്‍ സന്ദര്‍ശിച്ചു.
ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തിരിച്ചയക്കാന്‍ കഴിഞ്ഞ മാസമാണ് തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയിലെത്തിയത്. ഇതിനു പ്രതിഫലമായി അഭയാര്‍ഥികള്‍ക്കു വീടു നിര്‍മിച്ചു കൊടുക്കുന്നതിനായി 680 കോടി ഡോളര്‍ നല്‍കാമെന്ന് ഇയു ഏറ്റിട്ടുണ്ട്. ധാരണ നിലവില്‍ വന്നതോടെ ഗ്രീസിലേക്കുള്ള അഭയാര്‍ഥികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ 150ഓളം അഭയാര്‍ഥികള്‍ ദിനംപ്രതി ഗ്രീസിലെത്തുന്നത് സ്ഥിതി പഴയ രീതിയിലേക്കു തന്നെ വരുന്നതിന്റെ സൂചനകളാണ്. തുര്‍ക്കി അഭയാര്‍ഥികളെ സിറിയയിലേക്കു തിരിച്ചയക്കുകയാണെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി യുഎന്‍ അറിയിച്ചിരുന്നു. അതിനിടെ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ തുര്‍ക്കിയില്‍ ആറു വിദേശികളെ ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it