അഭയാര്‍ഥിപ്രശ്‌നം മറികടക്കാന്‍ പാരീസ് സംഭവത്തെ കരുവാക്കരുത്: എസ്ഡിപിഐ

ന്യൂഡല്‍ഹി: പാരിസ് ഭീകരാക്രമണം മനുഷ്യത്വത്തിനെതിരെയുള്ള കയ്യേറ്റമാണെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ). ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗം ഫ്രഞ്ച് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടൊപ്പം വസ്തുനിഷ്ഠമായ അന്വേഷണത്തിലൂടെ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കാത്തവിധം മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ ചിലര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു.

മതത്തിന്റെയും സംസ്‌കാരത്തിന്റെയും കൊടിയുയര്‍ത്തി ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തം ചിന്തുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്ന മുഴുവന്‍ സംഘങ്ങളെയും കൂട്ടുകെട്ടുകളെയും പാര്‍ട്ടി തള്ളിക്കളയുന്നതായി യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. ഭീകരതയുടെ മൂലകാരണമെന്തെന്ന് ഗൗരവപൂര്‍വം ചിന്തിക്കാന്‍ സമയമായി. ഭീകര സംഘങ്ങളെ സൃഷ്ടിക്കുന്നതാരെന്ന് നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര സമിതി അന്വേഷിക്കണം. ലിബിയയും സിറിയയും ഇറാഖുമടക്കം പശ്ചിമേഷ്യയുടെ വിവിധഭാഗങ്ങളില്‍ നിന്ന് യൂറോപ്പില്‍ അഭയം പ്രാപിച്ച നിരവധിയാളുകളുടെ ഭാവി അപകടത്തിലാവാന്‍ ഈ സംഭവം കാരണമാവരുത്. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തെ തങ്ങള്‍ നേരിടുന്ന അഭയാര്‍ഥി പ്രവാഹം തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്.

സിറിയന്‍യുദ്ധം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 14നു വിയന്നയില്‍ ലോകരാജ്യങ്ങളുടെ സമ്മേളനം ചേരാനിരിക്കെ നവംബര്‍ 13നു പാരീസില്‍ ആക്രമണപരമ്പര നടന്നത് സംശയം ജനിപ്പിക്കുന്നതാണ്.അഫ്ഗാനിലും ഫലസ്തീനിലും സിറിയയിലും ഇറാഖിലും സോമാലിയയിലും ലിബിയയിലും ഈജിപ്തിലും ലോകത്തിന്റെ മറ്റിടങ്ങളിലും നടക്കുന്ന മനുഷ്യക്കുരുതിയില്‍ നിന്ന് ഫ്രാന്‍സ് വ്യത്യസ്തമാവുന്നത് എങ്ങനെയാണെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എ സഈദ് ചോദിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ കൊല്ലപ്പെടുമ്പോള്‍ ലോകനേതാക്കള്‍ക്ക് ഭാവമാറ്റമുണ്ടാവാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it