Second edit

അഭയാര്‍ഥികള്‍

ലോകചരിത്രം അഭയം തേടിയുള്ള യാത്രയുടെയും പ്രവാസത്തിന്റെയും കഥയാണ്. മനുഷ്യസമൂഹത്തിന്റെ ആരംഭകാലം മുതലേ ഇത്തരം കഥകള്‍ കാണാം. എന്നാല്‍, 21ാം നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും കടുത്ത അഭയാര്‍ഥി പ്രവാഹത്തിന്റെ കാലമായി മാറുകയാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ്. അഭയം തേടി പരക്കംപായുന്ന മനഷ്യരുടെ സംഖ്യ 6.53 കോടി കവിഞ്ഞതായി ഏജന്‍സി പറയുന്നു. എന്നുവച്ചാല്‍ ലോക ജനസംഖ്യ മൊത്തം എടുത്താല്‍ 113 പേരില്‍ ഒരാള്‍ ഇന്ന് അഭയാര്‍ഥിയാണ്.
ആഭ്യന്തര സംഘര്‍ഷങ്ങളും ദാരിദ്ര്യവും തന്നെയാണ് അഭയാര്‍ഥി പ്രവാഹത്തിനു മുഖ്യ കാരണം. 2015 അവസാനത്തിലെ കണക്കുപ്രകാരം മൊത്തം അഭയാര്‍ഥികളില്‍ 54 ശതമാനവും വരുന്നത് മൂന്നു രാജ്യങ്ങളില്‍ നിന്നു മാത്രമായാണ്. സിറിയ, അഫ്ഗാനിസ്ഥാന്‍, സോമാലിയ. മൂന്നും സംഘര്‍ഷങ്ങളും യുദ്ധങ്ങളും കലുഷിതമാക്കിയ ദേശങ്ങള്‍. 2015ല്‍ മാത്രം 12.4 ദശലക്ഷം ആളുകളാണ് ഈ പ്രദേശങ്ങളില്‍ നിന്നു സ്വന്തം വീടും സമ്പത്തും ഉപേക്ഷിച്ചു തെരുവുകളിലേക്കിറങ്ങിയത്.
അഭയാര്‍ഥികള്‍ മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചു യൂറോപ്പിലേക്കും മറ്റു സമ്പന്നദേശങ്ങളിലേക്കും പോവാനാണ് ആഗ്രഹിക്കുന്നതെങ്കിലും അവര്‍ അത്രയൊന്നും സമ്പന്നമല്ലാത്ത രാജ്യങ്ങളിലെ അഭയാര്‍ഥി സങ്കേതങ്ങളിലാണ് എത്തിച്ചേരുന്നത്. തുര്‍ക്കിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അഭയമരുളുന്നത്. പാകിസ്താനും ലബനനുമാണ് തൊട്ടുപിന്നാലെ. അഭയാര്‍ഥികളുടെ പേരില്‍ കോലാഹലം കൂട്ടുന്ന യൂറോപ്പ് പത്തുലക്ഷത്തോളം പേര്‍ക്കു മാത്രമാണ് അഭയം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it