അഭയാര്‍ഥികള്‍: ജര്‍മനി 8500ഓളം അധ്യാപകരെ നിയമിക്കും

ബെര്‍ലിന്‍: അഭയാര്‍ഥിക്കുട്ടികളെ ജര്‍മന്‍ ഭാഷ പഠിപ്പിക്കാന്‍ ജര്‍മനിയില്‍ 8500ഓളം അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. ഈ വര്‍ഷം ജര്‍മന്‍ സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 1,96,000ഓളം അഭയാര്‍ഥി കുട്ടികള്‍ക്കായി 8264 പ്രത്യേക ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. 16 ജര്‍മന്‍ ഫെഡറല്‍ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേക്കുശേഷം ജര്‍മന്‍ ദിനപത്രമായ ഡിയേ വെല്‍റ്റ് ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ പ്രായമുള്ള 3,25,000ഓളം കുട്ടികള്‍ ഈ വര്‍ഷം ജര്‍മനിയിലെത്തിയിട്ടുണ്ടെന്ന് ജര്‍മന്‍ വിദ്യാഭ്യാസ അധികൃതര്‍ പറയുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലേക്കുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണിത്. ഈ വര്‍ഷം 100 ലക്ഷത്തിലധികം അഭയാര്‍ഥികള്‍ രാജ്യത്ത് എത്തിച്ചേരുമെന്നാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടിയാണിത്. രാജ്യത്തെത്തിയ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സിറിയയിലെ യുദ്ധമുഖത്തുനിന്ന് ഓടിപ്പോന്നവരാണ്.
Next Story

RELATED STORIES

Share it