Gulf

അഭയാര്‍ഥികള്‍ക്ക് ഖത്തറിന്റെ കൈത്താങ്ങ്‌

ദോഹ: അഭയാര്‍ഥികളുടെ എണ്ണം ദിനം തോറും പെരുകി വരുന്ന മിഡില്‍ ഈസ്റ്റില്‍ തണുപ്പ് കാലം പടിവാതില്‍ക്കലെത്തി നില്‍ക്കെ ക്യാംപുകളിലേക്ക് ഖത്തറിന്റെ കാരുണ്യ വര്‍ഷം. തണുപ്പില്‍ നിന്ന് അഭയമേകാനുള്ള നിരവധി പദ്ധതികള്‍ക്കായി ഖത്തറിലെ പ്രധാന ജീവകാരുണ്യ സംഘടനകള്‍ മുഴുവന്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
സംഘര്‍ഷം മൂലം വീടു വിട്ട് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരമാണ് ഖത്തറിന്റെ സഹായമെന്ന് ഖത്തര്‍ ചാരിറ്റി സിഇഒ യൂസുഫ് ബിന്‍ അഹ്്മദ് അല്‍കുവാരി ഈയിടെ വ്യക്തമാക്കിയിരുന്നു. ലബ്‌നാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ക്യാംപുകളില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍, യമന്‍, ഇറാഖ്, അഫ്ഗാന്‍, ഫലസ്തീന്‍ എന്നിവിടങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് രാജ്യത്തെ ജീവകാരുണ്യ സംഘടനകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
യുദ്ധമോ ദുരന്തമോ മൂലം പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയോ വീടുകള്‍ തകര്‍ക്കപ്പെടുകയോ ചെയ്ത ദരിദ്ര കുടുംബങ്ങള്‍ക്കാണ് തങ്ങള്‍ സഹായമെത്തിക്കുന്നതെന്ന് ഖത്തര്‍ റെഡ് ക്രസന്റ് സെക്രട്ടറി ജനറല്‍ സാലിഹ് ബിന്‍ അലി അല്‍മുഹന്നദി പറഞ്ഞു. തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങള്‍, ഇലക്ട്രിക് ഹീറ്ററുകള്‍, ടാര്‍പോളിനുകള്‍, ബ്ലാങ്കറ്റുകള്‍, ചൂടാക്കാനുള്ള എണ്ണ, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് സംഭാവന വിനിയോഗിക്കുന്നത്. ഭൂരിഭാഗം സംഘടനകളും സംഭാവന പണമായാണ് സ്വീകരിക്കുന്നത്.

വസ്ത്രങ്ങള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയ സാധനങ്ങള്‍ ദാതാക്കള്‍ വാങ്ങി നല്‍കുന്നത് സംഘടനകളെ സംബന്ധിച്ചിടത്തോളം ശേഖരിക്കുകയും എത്തിക്കുകയും ചെയ്യുന്നത് ചെലവ് വര്‍ധിപ്പിക്കുന്ന കാര്യമാണ്.
പ്രധാനമായും സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് ഖത്തര്‍ റെഡ് ക്രസന്റ് 1.1 കോടി റിയാലാണ് ശേഖരിക്കുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഓണ്‍ലൈനിലോ എസ്എംസ് വഴിയോ സംഭാവനകള്‍ നല്‍കാവുന്നതാണ്. സലത്ത, അല്‍ഖോര്‍ എന്നിവിടങ്ങളിലെ സംഘടനയുടെ ആസ്ഥാനത്തോ ഉബൈദ്‌ലി റൗണ്ട്എബൗട്ടിലുള്ള വനിതാ ബ്രാഞ്ചിലോ, സിറ്റി സെന്റര്‍ മാള്‍, ലാന്റ് മാര്‍ക്ക് മാള്‍, വില്ലേജിയോ മാള്‍, എസ്്ദാന്‍ മാള്‍, ഹയാത്ത് പ്ലാസ, ദി മാള്‍, അല്‍മീര ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലുള്ള ബൂത്തുകള്‍ വഴിയോ നേരിട്ടും സംഭാവന നല്‍കാം.
7,35,000 സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് ഖത്തര്‍ ചാരിറ്റി 5.4കോടി റിയാലാണ് ശേഖരിക്കുന്നത്. ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ സംഘടനയുടെ മെയിന്‍ ബ്രാഞ്ച് വഴിയോ വിവിധ മാളുകളിലെ ബൂത്തുകള്‍ വഴിയോ സംഭാവന നല്‍കാം. എസ്എംസ് വഴിയും പണം അയക്കാനുള്ള സംവിധാനം ഉണ്ട്.
യുഎഇയില്‍ നിന്ന് യമനിലേക്ക് സഹായ കപ്പല്‍ അയക്കാനാണ് ഈദ് ചാരിറ്റിയുടെ പദ്ധതി. ഇതിനായി ഒരു കോടി റിയാലാണ് സംഭരിക്കുന്നത്. 4,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍, തണുപ്പിനെ നേരിടാനുതകുന്ന വസ്ത്രങ്ങള്‍, ഹീറ്റിങ് ഓയില്‍ എന്നിവയാണ് കപ്പലില്‍ ഉണ്ടാവുക. കപ്പലില്‍ വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും ആവശ്യത്തിന് ആയിക്കഴിഞ്ഞുവെന്നും പണമായി സംഭാവനകള്‍ സ്വീകരിക്കുന്നതാണെന്നും ഈദ് ചാരിറ്റിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഓണ്‍ലൈനിലോ എസ്എംഎസ് വഴിയോ സംഭാവന നല്‍കാം.
അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാനായി റാഫ് ഫൗണ്ടേഷനും സജീവമായി രംഗത്തുണ്ട്. ജോര്‍ദാനില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 1,000 ശീതകാല ബാഗുകള്‍ വാങ്ങുന്നതിന് 5,47,000 റിയാലാണ് റാഫ് ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓരോ ബാഗിലും ബ്ലാങ്കറ്റുകളും ഗ്യാസ് ഹീറ്ററുകളുമാണ് ഉണ്ടാവുക. ജോര്‍ദാനിലെ 200 സിറിയന്‍ കുടുംബങ്ങള്‍ക്ക് മാസ വാടക നല്‍കാനുള്ള പണവും സംഘടന ശേഖരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it