thrissur local

അബ്ദുല്‍ ഖാദറിനെ ഒഴിവാക്കാന്‍  സിപിഎമ്മിലെ ഒരു വിഭാഗം ശ്രമംതുടങ്ങി

കെ എം അക്ബര്‍

ചാവക്കാട്: ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയാന്‍ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമം തുടങ്ങി. ചില മാധ്യമ പ്രവര്‍ത്തകരെ മുന്‍ നിര്‍ത്തിയാണ് ഇതിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയത്.
അബ്ദുല്‍ ഖാദര്‍ മല്‍സരിച്ചെങ്കില്‍ മാത്രമേ മണ്ഡലം നിലനിര്‍ത്താനാവൂയെന്ന പ്രചാരണത്തെ മറികടന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പുതിയ നീക്കം. രണ്ടു തവണ മല്‍സരിച്ച് വിജയിച്ചവര്‍ക്ക് ഇനി സീറ്റ് നല്‍കില്ലെന്ന പ്രചാരണമാണ് ഇതിനായി ഇക്കൂട്ടര്‍ വ്യാപകമാക്കിയിട്ടുള്ളത്. അബ്ദുല്‍ ഖാദറിന് പകരം ഗുരുവായൂര്‍ നരഗസഭ മുന്‍ വൈസ് ചെയര്‍മാന്‍ ആര്‍ വി ഷരീഫിനെ സ്ഥാനാര്‍ഥിയാക്കാനാണ് ഇവരുടെ ശ്രമം.
നവകേരള യാത്രയുടെ ഭാഗമായി കഴിഞ്ഞദിവസം ഗുരുവായൂരിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി ചില സിപിഎം നേതാക്കള്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അബ്ദുല്‍ ഖാദറിനെ സ്ഥാനാര്‍ഥിയാക്കുന്നത് തടയാന്‍ ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായവും ഇക്കൂട്ടര്‍ തേടിയിട്ടുണ്ട്. അതേ സമയം അബ്ദുല്‍ ഖാദര്‍ മല്‍സര രംഗത്തില്ലെങ്കില്‍ പത്തു വര്‍ഷം മുമ്പ് കൈവിട്ട ഗുരുവായൂര്‍ മണ്ഡലം അനായാസം പിടിച്ചെടുക്കാമെന്ന ചിന്തയാണ് യുഡിഎഫ് ക്യാംപിനുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് ഇത്തവണ മല്‍സരിക്കുമെന്ന് തന്നേയാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനു മുമ്പ് വരെ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന ചേരിപ്പോര് ഏറെക്കുറെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതാണ് സി എച്ച് റഷീദിന് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി ഗുരുവായൂരില്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.
സാദിഖലിക്ക് കൊണ്ടോട്ടി മണ്ഡലം അനുവദിക്കണമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തോട് യൂത്ത് ലീഗ് ഉയര്‍ത്തിയിട്ടുള്ള അവശ്യം. എന്നാല്‍, കൊണ്ടോട്ടി മണ്ഡലത്തില്‍ സാദിക്കലിയെ മല്‍സരിപ്പിക്കാനുള്ള സാധ്യത കുറവാണ്. അങ്ങിനെയെങ്കില്‍ സാദിഖലി ഗുരുവായൂരില്‍ മല്‍സരിച്ചേക്കുമെന്നാണ് അഭ്യൂഹം.
അതേ സമയം വിജയ സാധ്യത ഉറപ്പില്ലാത്ത ഗുരുവായൂരില്‍ മല്‍സരിക്കാന്‍ സാദിഖലി ധൈര്യപ്പെടുമോയെന്ന് ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇരു മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ചര്‍ച്ചകള്‍ മുറുകിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലെ പ്രാദേശിക കൂട്ടയ്മയിലും സ്ഥാനാര്‍ഥി നിര്‍ണയം തന്നേയാണ് പ്രധാന ചര്‍ച്ച.
Next Story

RELATED STORIES

Share it