അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ഥം വിജ്ഞാനകേന്ദ്രം സ്ഥാപിക്കും

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ഥം ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാന കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച ബില്ല് കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭ പാസ്സാക്കി. അബ്ദുല്‍ കലാമിന്റെ ജീവിതം, സംഭാവനകള്‍, ആദര്‍ശങ്ങള്‍ എന്നിവയാണ് വിജ്ഞാന കേന്ദ്രം വഴി പ്രചരിപ്പിക്കുക.

കലാമിന്റെ ജന്മസ്ഥലമായ രാമേശ്വരത്തു നിന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ സുരക്ഷിതമായി ശേഖരിക്കാന്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി കപില്‍ മിശ്ര നിയമസഭയെ അറിയിച്ചു. കലാം താമസിച്ചിരുന്ന ഡല്‍ഹിയിലെ ബംഗഌവ് കേന്ദ്ര സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മക്ക് നല്‍കിയതോടെ അവിടെയുണ്ടായിരുന്ന പുസ്തക ശേഖരമടക്കമുള്ള കലാമിന്റെ സാധനങ്ങള്‍ കേന്ദ്രം രാമേശ്വരത്തേയ്ക്ക് അയച്ചിരുന്നു.
വിജ്ഞാനകേന്ദ്രം തുടങ്ങുന്നത് വരെ കലാം ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ നിയമസഭാ കോമ്പൗണ്ടിനകത്തെ മൂന്ന് മുറികളിലായി സൂക്ഷിക്കും. സാധനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള നിടപടികള്‍ കലാമിന്റെ കുടുംബത്തിന്റെ അനുമതിയോടു കൂടിയാണ് ചെയ്യുന്നതെന്നും കപില്‍ മിശ്ര അറിയിച്ചു. കലാമിന്റെ വസ്തുവകകള്‍ രാമേശ്വരത്തേക്കയക്കാന്‍ തീരുമാനിച്ച ബിജെപി നടപടിയെ സഭയില്‍ ആം ആദ്മി അംഗങ്ങള്‍ വിമര്‍ശിച്ചു. പുസ്തകങ്ങളടക്കമുള്ള കലാമിന്റെ വസ്തുക്കള്‍ ഡല്‍ഹിയിലേക്ക് തിരിച്ച് കൊണ്ടു പോവാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നീക്കത്തിന് കലാമിന്റെ കുടുംബാംഗങ്ങള്‍ സമ്മതം അറിയിച്ചിട്ടുണ്ട്.
അബ്ദുല്‍ കലാം താമസിച്ചിരുന്ന ബംഗഌവ്, അദ്ദേഹത്തെ പരസ്യമായി അവഹേളിച്ച മഹേഷ് ശര്‍മക്ക് തന്നെ ഔദ്യോഗിക വസതിയായി വിട്ടു നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. നീക്കം കലാമിനോടുള്ള നിന്ദയാണെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it