അബ്ദുല്‍ കരീം വധക്കേസ് മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

കോഴിക്കോട്: വൈത്തിരി ഫി ന്‍സര്‍ ഹില്‍സ് ജംഗിള്‍ പാര്‍ക്ക് ആന്റ് ഗ്രീന്‍ മാജിക് ഉടമയും കോഴിക്കോട് ചേവായൂര്‍ സ്വദേശിയുമായ എ എ അബ്ദുല്‍ കരീമിനെ വധിച്ച കേസില്‍ വിചാരണയ്ക്ക് വിധേയരായ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ക്വട്ടേഷന്‍ സംഘാംഗങ്ങളായ ജോഷി ദാസ് (41), സച്ചിന്‍ എന്ന സജി (42), കണ്ണന്‍ (40) എന്നിവരെയാണ് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരേ നരഹത്യക്കുള്ള ഐപിസി 302ാം വകുപ്പ് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കോടതി ശരിവച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. 2006 ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം.
റിസോര്‍ട്ട് ഉടമയായ അബ്ദുല്‍ കരീമി(36)നെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ വച്ച് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിസിനസ് സംബന്ധമായ ശത്രുതയെ തുടര്‍ന്ന് ടൂര്‍ കമ്പനി ഉടമ ബാബു വര്‍ഗീസ് നിയോഗിച്ച സുല്‍ത്താന്‍ ബത്തേരി സ്വദേശി സീസി ജോസിന്റെ ക്വട്ടേഷന്‍ സംഘമാണ് കരീമിനെ കൊലപ്പെടുത്തിയത്.
അബ്ദുല്‍ കരീമിന്റെ ഗ്രീന്‍ മാജിക് റിസോര്‍ട്ട് കുറച്ച് നാള്‍ വാടകയ്ക്ക് നടത്താന്‍ ബാബു വര്‍ഗീസിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും റിസോര്‍ട്ട് വിട്ടുകൊടുക്കാന്‍ ബാബു വര്‍ഗീസ് തയ്യാറാവാതിരുന്നതോടെ അബ്ദുല്‍ കരീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. റിസോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലെ അഭിഭാഷകനെ കണ്ട് മടങ്ങുമ്പോഴാണ് പ്രതികള്‍ താമരശ്ശേരി ചുരത്തില്‍ വച്ച് കരീമിനെ കൊലപ്പെടുത്തിയത്.
മരണത്തില്‍ നിന്നു രക്ഷപ്പെട്ട ഡ്രൈവര്‍ ശിവന്റെ സാക്ഷി മൊഴിയാണ് വധക്കേസില്‍ നിര്‍ണായകമായത്. ഇരുമ്പുപൈപ്പ്, മരക്കട്ട തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ശിവനെയും അബ്ദുല്‍ കരീമിനെയും അക്രമിച്ച പ്രതികള്‍ ഇരുവരും മരിച്ചെന്നു കരുതി കൊക്കയിലേക്ക് തള്ളുകയായിരുന്നു.
പ്രധാനപ്രതി ബാബു വര്‍ഗീസ് വിചാരണ മധ്യേ മരിച്ചിരുന്നു. സംഘാംഗങ്ങളായ റോണി തോമസ്, അനിലന്‍, സുധീര്‍ എന്നിവരെ വടകര അഡീ. ജില്ലാ കോടതി 2012 ഒക്ടോബര്‍ 25ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാല്‍ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്ന പ്രതികളെ വടകര കോടതി വെറുതെ വിട്ടിരുന്നു. 2015 ഒക്ടോബര്‍ 12നാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി സുഗതന്‍ ഹാജരായി.
Next Story

RELATED STORIES

Share it