Ramadan Special

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം
X
ramadan

ഭാഗം നാല്

പ്രവാചകനായി നിയോഗിതനായ മുഹമ്മദ് നബിക്ക് തന്റെ ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനാവശ്യമായ ആത്മീയമായ കരുത്തും ഇഛാശക്തിയും നേടിയെടുക്കേണ്ടതുണ്ടായിരുന്നു. അതിനായി അല്ലാഹു അദ്ദേഹത്തിനു നമസ്‌കാരം പഠിപ്പിച്ചു കൊടുത്തു. അറബികളും അനറബികളും ഒന്നടങ്കം മറു ചേരിയിലണിനിരക്കുമെന്നുറപ്പുളള പോരാട്ടത്തിന്റെ അമരക്കാരനെന്ന പദവിയില്‍ അചഞ്ചലനായി നിലകൊളളുവാനും ആ മാര്‍ഗത്തില്‍ തന്റെ നാഥന്റെ സഹായം ലഭിക്കുവാനുമുളള പരിശീലനമായിരുന്നു അദ്ദേഹത്തിനു നമസ്‌കാരം.

സ്രഷ്ടാവും ജഗന്നിയന്താവുമായ, പങ്കുകാരനോ മക്കളോ മാതാപിതാക്കളോ ഇല്ലാത്ത ഏകനായ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ട് അദ്ദേഹം കഅ്ബക്കരികില്‍ നിന്നു് നമസ്‌കരിച്ചു.
കഅ്ബക്കകത്തും പുറത്തുമായി മുന്നൂറിലേറെ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുകയും അവക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിച്ച് അവയോട് സഹായാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു മക്കയിലെ ഖുറൈശികളുടെ ജീവിത രീതി. വിഗ്രഹങ്ങള്‍ക്കുളള വഴിപാടുകള്‍ തങ്ങളുടെ വരുമാന മാര്‍ഗമാക്കുകയും ജീവിതത്തിന്റെ ഗതി വിഗതികളെ വിഗ്രഹാഭീഷ്ടങ്ങളെന്ന പേരില്‍ പൂജാരിമാര്‍ക്കു വിട്ടു നല്‍കുകയും ചെയ്തിരുന്ന ഖുറൈശികളെ സംബന്ധിച്ചിടത്തോളം നിലവിലുളള വ്യവസ്ഥക്കെതിരായ യുദ്ധ പ്രഖ്യാപനം തന്നെയായിരുന്നു പ്രവാചകന്റെ കഅ്ബാ പരിസരത്തെ പരസ്യമായ നമസ്‌കാരം.

പ്രവാചകന്റെ പരസ്യമായ നമസ്‌കാരം അബൂജഹലിനെ വിറളിപിടിപ്പിച്ചു. മുഹമ്മദെങ്ങാനും മേലില്‍ കഅ്ബയുടെ മുമ്പില്‍ വച്ചു നമസ്‌കരിക്കുകയും സാംഷ്ടാംഗം നമിക്കുകയും ചെയ്താല്‍ താനവന്റെ പിടലി ചവിട്ടി മുഖം മണ്ണില്‍ തേമ്പിക്കളയുമെന്ന് അബൂജഹല്‍ ഭീഷണി മുഴക്കി.

എന്നാല്‍ അല്ലാഹുവിനുളള അനുസരണയിലും സമര്‍പ്പണത്തിലും ആരേയും തരിമ്പും കൂസാതിരുന്ന പ്രവാചകന്‍ തന്റെ പരസ്യ നമസ്‌കാരവുമായി മുമ്പോട്ടു പോയി. പ്രവാചകന്‍ നമസ്‌കരിക്കുന്നത് അബൂജഹല്‍ കാണാനിടയായി. പ്രവാചകന്റെ പിടലിയില്‍ ചവിട്ടാനായി അബൂലഹബ് മുമ്പോട്ടാഞ്ഞു. പക്ഷേ പെട്ടെന്നു, എന്തോ കണ്ട് ഭയന്നിട്ടെന്ന പോലെ മുഖം പൊത്തി കൊണ്ട് പിന്തിരിഞ്ഞോടുന്ന അബൂജഹലിനെയാണ് ഖുറൈശികള്‍ കണ്ടത്. പിന്തിരിഞ്ഞോടാന്‍ കാരണമെന്തെന്നന്വേഷിച്ച അവരോട് അബൂജഹല്‍ പറഞ്ഞു.'എനിക്കും മുഹമ്മദിനുമിടയില്‍ തീ കൊണ്ടുളള ഒരു കിടങ്ങും പേടിപ്പെടുത്തുന്ന എന്തോ ഒരു ജീവിയും ഉണ്ടായിരുന്നു.'സ്വസ്ഥമായി നമസ്‌കാരം പൂര്‍ത്തികരിച്ച ശേഷം തന്റെ ഒപ്പമുണ്ടായിരുന്ന അനുചരന്‍മാരോട് പ്രവാചകന്‍ പറഞ്ഞു.'അബൂജഹലെങ്ങാനും എന്റെ അടുത്തെത്തിയിരുന്നെങ്കില്‍ മലക്കുകള്‍ പരസ്യമായി വന്ന് അയാളെ പിടികൂടി അയാളുടെ വസ്ത്രങ്ങളുരിയുമായിരുന്നു.

ഈ ഘട്ടത്തില്‍ അബൂജഹലിനെ കര്‍ശനമായി താക്കീത് ചെയ്തും പ്രവാചകനോട് നമസ്‌കാരവും സാഷ്ടാംഗവുമായി മുമ്പോട്ടു പോകാന്‍ ആഹ്വാനം ചെയ്തു കൊണ്ടും ഖുര്‍ആന്‍ അവതീര്‍ണമായി.
'ഒരിക്കലുമല്ല, നിശ്ചയം മനുഷ്യന്‍ തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ ധിക്കാരം പ്രവര്‍ത്തിക്കുന്നു. തീര്‍ച്ചയായും അവന്‍ മടങ്ങേണ്ടത് നിന്റെ നാഥന്റെ അടുത്തേക്ക് തന്നെയാകുന്നു. ദൈവത്തിന്റെ ഒരടിമ നമസ്‌കരിക്കവെ അവനെ തടയുന്ന മനുഷ്യനെ നീ കണ്ടുവോ, അദ്ദേഹം,(അഥവാ)  ദൈവത്തിന്റെ ആ അടിമ സന്‍മാര്‍ഗത്തിലാണെങ്കില്‍, അഥവാ സൂക്ഷമത കൈകൊളളാന്‍ കല്‍പിച്ചിരിക്കയാണെങ്കില്‍ അവന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നീ കണ്ടുവോ? അവന്‍ (ഈ തടയുന്നവന്‍ സത്യത്തെ) നിഷേധിച്ചു തളളുകയും തിരിഞ്ഞു കളയുകയും ചെയ്തിരിക്കുകയാണെങ്കില്‍ (അവന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നീ കണ്ടുവോ? ) അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുവെന്ന് അവന്‍ അറിഞ്ഞിട്ടില്ലയോ? ഒരിക്കലുമല്ല.അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നാം അവന്റെ ഉച്ചിയില്‍ പിടിച്ചു വലിച്ചിഴക്കുക തന്നെ ചെയ്യും. നിഷേധിയും തനി പാപിയുമായ ഉച്ചിയില്‍. എന്നിട്ട് അവന്‍ തന്റെ കൂട്ടരെ വിളിച്ചു കൊളളട്ടെ;നാം ശിക്ഷയുടെ മലക്കുകളെയും വിളിക്കാം. ഒരിക്കലുമല്ല. അവനെ താങ്കള്‍ അനുസരിച്ചു പോകരുത്. താങ്കള്‍ സുജൂദ് ചെയ്യുകയും റബ്ബിന്റെ സാമീപ്യം നേടുകും ചെയ്യുക.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 96 (സൂറ അല്‍ അലഖ് സൂക്തം 6-19)
Next Story

RELATED STORIES

Share it