അഫ്‌സ്പ മണിപ്പൂരില്‍ എത്രകാലം തുടരേണ്ടിവരുമെന്ന് സുപ്രിംകോടതി 35 കൊല്ലംകൊണ്ട് ക്രമസമാധാനനിലയില്‍ വല്ല മാറ്റവുമുണ്ടായോ?

ന്യൂഡല്‍ഹി: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പൂരില്‍ നിന്ന് എന്നാണ് എടുത്തുകളയുകയെന്ന് സുപ്രിംകോടതി. എത്രകാലത്തേക്കാണ് സൈന്യത്തിന് പ്രത്യേകാധികാരം കൊടുത്ത് സംസ്ഥാനത്തെ തല്‍സ്ഥിതി നിലനിര്‍ത്തിക്കൊണ്ടുപോവാനാവുക എന്നും കോടതി സംസ്ഥാന സര്‍ക്കാരിനോടാരാഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പയുടെ മറവില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി ജഡ്ജിമാരടങ്ങുന്ന രണ്ടംഗസമിതിയെ നിയമിച്ചിരുന്നു. സമിതി കഴിഞ്ഞ നവംബറില്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ റിപോര്‍ട്ട് പരിശോധിച്ച ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ക്രമസമാധാനപാലനത്തിനും സമാധാനം പുനസ്ഥാപിക്കുന്നതിനും അഫ്‌സ്പ കൂടിയേ തീരൂവെന്നു പറഞ്ഞാണ് നിയമം കൊണ്ടുവന്നത്. എന്നിരിക്കെ 35 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ പട്ടാളത്തിനു കഴിഞ്ഞിട്ടില്ല. കൂടാതെ, സംസ്ഥാനത്ത് സായുധസംഘടനകള്‍ വര്‍ധിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അഫ്‌സ്പകൊണ്ട് എന്തു നേട്ടമാണ് ഉണ്ടായതെന്ന് കോടതി ചോദിച്ചു. നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ ഞെട്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ ഒരു കേസുപോലും ഇല്ലാത്തത് ഏറെ ഞെട്ടലുളവാക്കുന്ന കാര്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍, പട്ടാളത്തിന്റെ സാന്നിധ്യം മണിപ്പൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സാധാരണക്കാരുമായി പട്ടാളം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
Next Story

RELATED STORIES

Share it