അഫ്‌സ്പയുടെ മറവില്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍; സൈനികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവ്

അഫ്‌സ്പയുടെ മറവില്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍; സൈനികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവ്
X
afspa

[related]

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പയുടെ (പ്രത്യേക സായുധസേനാധികാര നിയമം) മറവില്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍ നടത്തിയ സൈനികരെ കുറ്റവിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതി നിര്‍ദേശം.

10 പേരെ കൊന്ന് അവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി അവസാനിപ്പിക്കുന്ന നിസ്സാര കാര്യമല്ല ഇതെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയോട് ജസ്റ്റിസ് മദന്‍ ബി ലോകുറിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ബെഞ്ച് പറഞ്ഞു.
രണ്ടു ജഡ്ജിമാരടങ്ങുന്ന സമിതിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പയുടെ മറവില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പ്രത്യേകാധികാരം ദുരുപയോഗം ചെയ്ത് മണിപ്പൂരില്‍ സൈന്യം ക്രൂരമായ കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തിയതായി സമിതി റിപോര്‍ട്ടില്‍ പറയുന്നു. ജമ്മുകശ്മീരും മണിപ്പൂരും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അഫ്‌സ്പ ദുരുപയോഗം ചെയ്ത് സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ ആദ്യമായാണ് സുപ്രിംകോടതി ഇത്തരത്തില്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കുന്നത്. എന്തുകൊണ്ടാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങള്‍ക്കു സാക്ഷിയായ ഉദ്യോഗസ്ഥര്‍ മൊഴിനല്‍കാന്‍ തയ്യാറാവാത്തതെന്നു കോടതി ആരാഞ്ഞു.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ ഇരകളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് 2012ല്‍ സുപ്രിംകോടതിയാണ് സമിതിയോട് അഫ്‌സ്പയുടെ മറവില്‍ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. 2004നും 2008നും ഇടയ്ക്കുള്ള സംഭവങ്ങളാണ് പ്രധാനമായും സമിതി പരിശോധിച്ചത്.
കഴിഞ്ഞ 35 വര്‍ഷത്തിനിടെ 1,700 വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍ നടന്നതായി റിപോര്‍ട്ട് പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് അഫ്‌സ്പ എടുത്തുകളയണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, ഒരുവിധത്തിലുള്ള അന്വേഷണങ്ങളില്‍നിന്നും സര്‍ക്കാര്‍ ഓടിയൊളിക്കില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it