അഫ്‌സല്‍ ഗുരു അനുസ്മരണം: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വസന്ത്കുഞ്ജ് പോലിസ് സ്‌റ്റേഷനില്‍ എബിവിപി നല്‍കിയ പരാതിയിലാണു നടപടി.
ചൊവ്വാഴ്ചയാണ് കാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചത്. ഇതിനിടെ ചിലര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ ബഹളംവച്ചിരുന്നു. പരിപാടിക്ക് ജെഎന്‍യു അധികൃതര്‍ അനുമതി നല്‍കിയിരുന്നെങ്കിലും എബിവിപിയുടെ പരാതിയെ തുടര്‍ന്ന് പിന്‍വലിക്കുകയുണ്ടായി.
ഇന്നലെ 300ലധികം വരുന്ന എബിവിപിക്കാര്‍ ജന്‍പഥ് റോഡ് ഉപരോധിച്ചതിനു പിന്നാലെ മഫ്ടിയില്‍ കാംപസിലെത്തിയ പോലിസ്, എഐഎസ്എഫ് നേതാവായ കനയ്യ കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ മൂന്നു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കാന്‍ ജെഎന്‍യു അധികൃതര്‍ നീക്കമാരംഭിച്ചിട്ടുണ്ട്. രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കര്‍ശന നടപടിയെടുക്കാന്‍ പോലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വ്യക്തമാക്കി. ഇത്തരം നടപടികളെ രാജ്യം അംഗീകരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും പ്രതികരിച്ചു. വിദ്യാര്‍ഥികളെ ലക്ഷ്യംവയ്ക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് സിപിഐ നേതാവ് ഡി രാജ കുറ്റപ്പെടുത്തി.
അറസ്റ്റില്‍ പ്രതിഷേധിച്ച് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആഭിമുഖ്യത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലേക്ക് മാര്‍ച്ച് നടത്തി. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് സമരക്കാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it