അഫ്ഗാന്‍ രഹസ്യാന്വേഷണ മേധാവി രാജിവച്ചു

കാബൂള്‍: അഫ്ഗാന്‍ രഹസ്യാന്വേഷണ മേധാവി റഹ്മത്തുല്ല നബീല്‍ രാജിവച്ചു. പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. താലിബാന്‍ വടക്കന്‍ നഗരമായ കുന്ദുസില്‍ ശക്തിയാര്‍ജിക്കുകയും കാന്തഹാര്‍ വിമാനത്താവളം പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് നബീലിന്റെ രാജി. പാകിസ്താനുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനുള്ള ഗനിയുടെ നീക്കത്തെ നബീല്‍ എതിര്‍ക്കുകയാണ്. ചില കാര്യങ്ങളിലെ അഭിപ്രായവ്യത്യാസമാണ് നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) യില്‍ നിന്നുള്ള തന്റെ രാജിക്കു കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാചര്‍ച്ചകളുടെ ഭാഗമായി ഗനി പാകിസ്താന്‍ സന്ദര്‍ശിച്ച് ഒരു ദിവസത്തിനു ശേഷമാണ് നബീലിന്റെ രാജി. താലിബാന്‍ രാജ്യത്ത് ശക്തിയാര്‍ജിക്കുന്നതിനു പിന്നില്‍ പാകിസ്താനാണെന്ന് അധികാര കാലാവധിക്കിടെ നിരവധി തവണ നബീല്‍ ആരോപിച്ചിട്ടുണ്ട്. പാകിസ്താനെ ഒരിക്കലും വിശ്വസിക്കരുതെന്നും പാകിസ്താന്‍ അഫ്ഗാന്‍ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണെന്നും നബീല്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it