അഫ്ഗാന്‍ പ്രതിസന്ധി; ചതുര്‍രാഷ്ട്ര ചര്‍ച്ചയ്ക്കു തുടക്കം

കാബൂള്‍: ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനിലെ സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം തേടിയുള്ള ചതുര്‍രാഷ്ട്ര ചര്‍ച്ചയ്ക്കു തുടക്കമായി. അഫ്ഗാനും താലിബാനുമിടയില്‍ സമാധാനക്കരാറെന്ന ലക്ഷ്യത്തോടെ നടക്കുന്ന ചര്‍ച്ചയില്‍ അഫ്ഗാന്‍, പാകിസ്താന്‍, ചൈന, യുഎസ് എന്നീ രാജ്യങ്ങളാണ് സംബന്ധിക്കുന്നത്.
താലിബാന്‍ പ്രതിനിധികളില്ലാതെയാണ് പാകിസ്താനില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം താലിബാന്‍ നേതൃത്വവുമായി അഫ്ഗാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ധാരണയിലെത്താനാവാതെ പിരിഞ്ഞിരുന്നു. താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ നിര്യാണത്തിനു പിന്നാലെ മുല്ലാ മന്‍സൂര്‍ അക്തര്‍ സംഘടനാ നേതൃത്വം ഏകപക്ഷീയമായി ഏറ്റെടുത്തത് താലിബാനികള്‍ക്കിടയില്‍ ആഭ്യന്തരകലഹത്തിന് ഇടയാക്കിയിരുന്നു. മാസങ്ങള്‍ നീണ്ട പരസ്പര ഏറ്റുമുട്ടലില്‍ താലിബാന്‍ സംഘങ്ങള്‍ക്കിടയില്‍ വന്‍ ആള്‍ നാശവുമുണ്ടായി.
തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് പാകിസ്താനിലെ ക്വറ്റയില്‍ നടന്ന ചര്‍ച്ചയിലാണ് താലിബാനികള്‍ക്കിടയില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയത്. അതേസമയം, അനൈക്യം പരിഹരിക്കുന്നതില്‍ പൂര്‍ണവിജയത്തിലെത്താന്‍ താലിബാന് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് സംഘം ചര്‍ച്ചയില്‍ പങ്കെടുക്കാത്തത്. യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ ഇത്തവണത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുവെന്നതാണ് ചര്‍ച്ചയെ ശ്രദ്ധേയമാക്കുന്നത്. ചര്‍ച്ചയ്ക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ തങ്ങള്‍ക്കെതിരായ താലിബാന്‍ ആക്രമണം അവസാനിപ്പിക്കാനാവുമെന്നാണ് പാക് അധികൃതരുടെ കണക്കുകൂട്ടല്‍.
മാസങ്ങള്‍ക്കിടെ താലിബാന്‍ അഫ്ഗാനില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. സാന്‍ഗ്വിന്‍ ജില്ലയിലെ സര്‍ക്കാര്‍ മന്ദിരങ്ങളും പോലിസ് ആസ്ഥാനവുമുള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു.
വടക്കന്‍ അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയില്‍ ഡിസംബറില്‍ താലിബാന്‍ നേതൃത്വം മേല്‍കൈ നേടിയിരുന്നു. 2001നു ശേഷമുള്ള വലിയ വിജയമായാണ് താലിബാന്‍ ഇതിനെ വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it