അഫ്ഗാന്‍ അഭയാര്‍ഥി പദവി പ്രശ്‌നംപാകിസ്താന്‍ പരിഹരിക്കണം: യുഎന്‍

ജനീവ: രാജ്യത്ത് കഴിയുന്ന 25 ലക്ഷത്തിലധികം അഫ്ഗാനികളുടെ അഭയാര്‍ഥി പദവി സംബന്ധിച്ച പ്രശ്‌നത്തിനു പാക് ഭരണകൂടം ഉടന്‍ പരിഹാരം കാണണമെന്നു മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥന്‍ ഒകോട് ഓബോ ആവശ്യപ്പെട്ടു.
ഇവരില്‍ ഭുരിഭാഗവും രജിസ്‌ട്രേഷന്‍ കാര്‍ഡുകളുടെ കാലാവധി അവസാനിച്ചവരോ രജിസ്റ്റര്‍ ചെയ്യാത്തവരോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയ, ഇറാഖ്, അഫ്ഗാന്‍, എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളോട് യൂറോപ്പ് കര്‍ശന നിലപാട് സ്വീകരിക്കുന്നതിനിടെയാണ് യുഎന്‍ നിര്‍ദേശം. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ദീര്‍ഘകാല അഭയാര്‍ത്ഥികള്‍ വസിക്കുന്ന രാജ്യമാണ് പാകിസ്താന്‍. ഇവരില്‍ ഭുരിപക്ഷവും 30 വര്‍ഷത്തിലധികമായി ഇവിടെയാണ് കഴിഞ്ഞുകൂടുന്നത്.
ആഭ്യന്തര സംഘര്‍ഷങ്ങളും ദാരിദ്യവുമാണ് ഇവരെ പാകിസ്താനിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. ഡിസംബറോടെ 15 ലക്ഷം അഭയാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡുകളുടെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്നു ആറു മാസത്തേക്ക് കൂടി ഇതിന്റെ കാലാവധി ഭരണകൂടം നീട്ടിനല്‍കുകയായിരുന്നു.
കാലാവധി തീര്‍ന്ന രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ പോലിസ് വേട്ടയാടുകയാണെന്നു പല അഭയാര്‍ഥികളും പരാതിപ്പെടുന്നു. ഇവര്‍ക്ക് സഹായം എത്തിക്കുന്നതിനും അഭയാര്‍ഥി പദവിയില്ലാത്തത് പ്രയാസം സൃഷ്ടിക്കുകയാണെന്നു സന്നദ്ധ സംഘടനകളും വ്യക്തമാക്കുന്നു. പ്രശ്‌നം ഇപ്പോള്‍ പാക് മന്ത്രിസഭയുടെ മുമ്പിലാണ്.
Next Story

RELATED STORIES

Share it