അഫ്ഗാനിലെ താലിബാന്‍ സങ്കേതങ്ങള്‍ ആക്രമിക്കണമെന്ന് യുഎസിനോട് പാകിസ്താന്‍

ഇസ്‌ലാമാബാദ്: തെഹ്‌രീക് ഇ താലിബാന്‍ പാകിസ്താന്‍ പ്രവര്‍ത്തകരുടെ അഫ്ഗാനിലെ രഹസ്യകേന്ദ്രങ്ങള്‍ കണ്ടെത്തി ആക്രമണം നടത്തണമെന്ന് പാക് സൈനിക മേധാവി റഹീല്‍ ശരീഫ് യുഎസിനോട്. അഫ്ഗാനിലെ കമാന്‍ഡര്‍ റെസൊല്യൂട്ട് സപോര്‍ട്ട് മിഷന്റെ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍, അഫ്ഗാന്‍-പാക് വിഷയത്തിലെ യുഎസ് പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഓല്‍സന്‍ എന്നിവരുമായി ഇസ്‌ലാമാബാദില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. താലിബാന്‍ പ്രവര്‍ത്തകരും നേതാവ് മുല്ല ഫസലുല്ലയും അഫ്ഗാനില്‍ ഒളിച്ചിരിക്കുകയാണ്. മെയ് 21ന് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ സിഐഎ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ടത്. പാക് അതിര്‍ത്തി കടന്നുള്ള യുഎസ് ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യമുണ്ടാക്കിയിരുന്നു. ആക്രമണത്തിനുശേഷം നടക്കുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. യുഎസ് ഡ്രോണുകള്‍ ബലൂചിസ്താന്‍ ആക്രമിച്ചത് തങ്ങളുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ്.
ഇത്തരം പ്രവൃത്തികളില്‍ ഉല്‍ക്കണ്ഠയുണ്ട്. അഫ്ഗാനില്‍ അസ്ഥിരതയുണ്ടാക്കുന്നതിന് പാകിസ്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിര്‍ഭാഗ്യകരമാണ്. പാകിസ്താന്‍, ചൈന, യുഎസ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന സമാധാന ശ്രമത്തിന്റെ ഭാഗമാവാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ശരീഫ് പറഞ്ഞു. യുഎസും പാകിസ്താനും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് റഹീല്‍ ശരീഫ് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it